സെന്‍റ്.ജോസഫ്സ് കോളേജിൽ ലഹരിവിരുദ്ധ ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലഹരിവിരുദ്ധ സന്ദേശമുണർത്തി ഇരിങ്ങാലക്കുട സെന്‍റ്.ജോസഫ്സ് കോളേജിലെ എൻ സി സി നടത്തിയ ലഹരി വിരുദ്ധ ദിനാഘോഷം ശ്രദ്ധേയമായി. കുരുന്നുകളിലാണ് നന്മയുടെയും ബോധവൽക്കരണത്തിന്റെയും സന്ദേശമെത്തിക്കേണ്ടതെന്നു തിരിച്ചറിഞ്ഞ് ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലാണ് വിവിധ പരിപാടികൾ ഇവർ സംഘടിപ്പിച്ചത്.

ബോയ്സ് സ്കൂളിലെ 5മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുമായി സംവദിച്ച എൻ സി സി കേഡറ്റുകൾ ഒഴിവു സമയങ്ങളിൽ ക്രിയാത്മക പ്രവർത്തനങ്ങൾക്കായി അവരെ സജ്ജരാക്കി. വിവിധ പേപ്പർ ക്രാഫ്റ്റ് നിർമ്മാണ വിദ്യകൾ പഠിപ്പിച്ച് നിർമ്മാണ സാമഗ്രികളും കുട്ടികൾക്ക് സമ്മാനിച്ചു. പാട്ടും മോണോ ആക്ടും മറ്റും ചെയ്യിപ്പിച്ച് പ്രോത്സാഹനം നൽകുകയും ഒഴിവു സമയങ്ങൾ ഇത്തരം കാര്യങ്ങൾക്കായി മാറ്റി വയ്ക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഫുട്ബോൾ കിക്കോഫ് നടത്തി കുട്ടികളിൽ ലോകകപ്പ് ആവേശം നിറച്ച കേഡറ്റ്സ് ആരോഗ്യകരമായ കായിക വിനോദങ്ങളിലേക്കും അവരെ നയിച്ചു. ലഹരിയിൽ തകർന്നടിയുന്ന ആരോഗ്യത്തെക്കുറിച്ച് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി നയിച്ച ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

തൃശൂർ 7 കേരള ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ എച്ച് പദ്മനാഭന്റെ നിർദ്ദേശ പ്രകാരം അസോസിയേറ്റ് എൻ സി സി ഓഫീസർ ലഫ്റ്റനന്റ് ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ തമീമ ടി.എം, നേഹ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

Top