ബാങ്കുകളിൽ നിന്ന് 30 കോടി വായ്പയെടുപ്പിച്ചു തട്ടിപ്പ് നടത്തി പ്രതിയെ തെളിവെടുപ്പിനായി ഇരിങ്ങാലക്കുടയിൽ കൊണ്ടുവന്നു

ഇരിങ്ങാലക്കുട : സ്വർണാഭരണ നിർമാണ ശാലയുടെ പേരിൽ ബിസിനസ്സ് പാർട്ണർമാരെ കൊണ്ട് വിവിധ ബാങ്കുകളിൽനിന്ന് 30 കോടി രൂപയുടെ വായ്പയെടുപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പൊഞ്ഞനം മുളങ്ങാടൻ വീട്ടിൽ സുരേഷിനെ ഇരിങ്ങാലക്കുട ഫെഡറൽ ബാങ്ക് നട ബ്രാഞ്ചിലും കരൂർ വൈശ്യ ബാങ്കിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. ഫെഡറൽ ബാങ്കിൽനിന്നും 8 കോടി രൂപയും കരൂർ വൈശ്യ ബാങ്കിൽനിന്നും 95 ലക്ഷവുമാണ് സുരേഷ് വായ്പ്പ തട്ടിപ്പു നടത്തിയത്. എറണാകുളം നോർത്ത് സി ഐ കെ ജെ പീറ്ററും സംഘവുമാണ് പ്രതിയെ തെളിവെടുപ്പിനായി ഇരിങ്ങാലക്കുടയിൽ എത്തിച്ചത്.

പൊഞ്ഞനം ക്ഷേത്രത്തിനു സമീപം സുരേഷ് നടത്തുന്ന ലാസ്യ ഡയമണ്ട്സ് ആൻഡ് ജ്വല്ലേഴ്‌സ് എന്ന ആഭരണ നിർമ്മാണ യൂണിറ്റിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് പയ്യോളി സ്വദേശികളായ ബാലകൃഷ്‌ണൻ, ചന്ദ്രിക എന്നിവരിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. രണ്ട പേരും വസ്തു പണയം വച്ച് കലൂർ സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 3 .5 കോടി രൂപ വായ്പയെടുത്ത് ഒളിവിൽ പോയതുമായ് ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.

ഇയാൾ ഇത്തരത്തിൽ തൃശൂർ എറണാകുളം ജില്ലകളിലെ 10 ബാങ്കുകളിൽ നിന്നായി 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. വൻ ലാഭവീതം വാഗ്ദാനം ചെയ്താണ് ഇയാൾ ആളുകളെ വലയിൽ വീഴ്ത്തുന്നത്. പാർട്ണർമാരുടെ വസ്തു ഈടുവച്ച് അവരുടെ പേരിൽ തന്നെ വായ്പ എടുപ്പിക്കും. ഈ പണം ഇയ്യാൾ കൈക്കലാക്കുകയും പിന്നീട് ബിസിനസ്സ് നഷ്ടത്തിലാണെന്ന് പറഞ്ഞ പാർട്ണർമാരെ ഒഴിവാകുകയും ചെയ്യും. ഇത്തരത്തിൽ വായ്പയെടുത്ത പലരുടെയും വസ്തുക്കൾ ജപ്തി ചെയ്തിട്ടുണ്ട് . സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, എന്നിവിടങ്ങളിൽ നിന്ന് മറ്റുള്ളവരുടെ പേരിൽ ഇയ്യാൾ വായ്പ്പയെടുത്തീട്ടുണ്ട് . വ്യക്തികളിൽ നിന്ന് വൻ തുകയും കൈപറ്റിയതായും വിവരമുണ്ട്. ആഡംബര കാറുകളും ബിനാമികളുടെ പേരിൽ ഭൂമി വാങ്ങാനുമാണ് ഇയ്യാൾ പണം ചെലവിട്ടത്. ആഡംബര കാറുകളിൽ സഞ്ചരിച്ച് ഉന്നതരുമായി ബന്ധം സ്ഥാപിച്ചെടുത്താണ് സുരേഷ് വായ്പകൾ സംഘടിപ്പിക്കുന്നത്. സുരേഷുമായി അടുത്ത ബന്ധമുള്ള ബാങ്ക് മാനേജർമാരെ പറ്റിയും അന്വേഷിക്കുന്നുണ്ട്. കോടികളുടെ വായ്പയെടുക്കുന്നതല്ലാതെ ആഭരണങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയതായി അറിവില്ല .

Leave a comment

Top