ക്ഷേത്രപരിസരത്തെ മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ നഗരസഭ ദേവസ്വത്തിന് നിർദേശം നൽകി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞീട്ടും ക്ഷേത്രമാലിന്യങ്ങൾ ക്ഷേത്രപരിസരത്തു നിന്നും നീക്കം ചെയ്യാത്തതിൽ ക്ഷേത്രം സ്ഥിതി ചെയുന്ന ഇരിങ്ങാലക്കുട നഗരസഭ 25 , 26 ലെ കൗൺസിലർമാർ നഗരസഭയിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ ക്ഷേത്രപരിസരം സന്ദർശിക്കുകയും മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാൻ കൂടൽമാണിക്യം ദേവസ്വത്തിന് നിർദേശം നൽകുകയും ചെയ്തു.

ക്ഷേത്രത്തിന്‍റെ വടക്കേനടയിൽ തീർത്ഥകുളത്തിന്‍റെ കിഴക്കു ഭാഗത്തായി ഉദ്ദേശം 25 മീറ്റർ നീളത്തിലും തെക്കേനടയിൽ തെക്കേ കുളത്തിന്‍റെ കിഴക്കുഭാഗത്തും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. കാലപ്പഴക്കംമൂലം കൂണുകളും പൂപ്പലുകളും നിറഞ്ഞു കഴിഞ്ഞു. മഴയത്ത് ഈ മാലിന്യം നനഞ്ഞു കുതിർന്ന് തീർത്ഥകുളത്തിലേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുണ്ട്. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾക്കുപയോഗിക്കുന്നത് ഈ തീർത്ഥകുളത്തിലെ ജലമാണ്.

വർഷകാലത്തെത്തുടർന്ന് പകർച്ച വ്യാധികൾ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ദേവസ്വത്തിന്റെ ഈ നടപടി വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന വാർഡിലെ ബി ജെ പി കൗൺസിലർമാരായ സന്തോഷ് ബോബനും അമ്പിളി ജയനും പ്രസ്താവനയിൽ പറഞ്ഞു. അടിയന്തിരമായി മാലിന്യങ്ങൾ നീക്കം ചെയ്യാത്ത പക്ഷം പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് കൗൺസിലർമാർ അറിയിച്ചു.

മാലിന്യത്തിന്‍റെ ഉത്തരവാദിത്വം ദേവസ്വം ഏറ്റെടുക്കുന്നുവെന്നും സുരക്ഷിതമായ് അവിടെനിന്നും മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞീട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top