ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയില്‍ വെയ്ക്കുന്നതിനെ എതിര്‍ക്കും: ബി.ജെ.പി

ഇരിങ്ങാലക്കുട : ജീവിച്ചിരിക്കുന്ന ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയില്‍ വെയ്ക്കുന്നതിനെ എതിര്‍ക്കുവാന്‍ ബുധനാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. മണ്‍മറഞ്ഞ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുവാനും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഒരു ചെയര്‍മാന്റേയും ഫോട്ടോ ഇല്ല. ഫോട്ടോ വയ്ക്കണമെന്ന് ഒരു കൗണ്‍സിലിലും തീരുമാനിച്ചിട്ടില്ല. ഇങ്ങനെയിരിക്കെ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കുന്നതിന് കൊട്ടേഷന്‍ വിളിച്ച ചെയര്‍മാന്റെ തീരുമാനം ശരിയല്ല. കൊട്ടേഷന്‍ വിളിക്കുന്നത് കൗണ്‍സിലിനെ അറിയിക്കേണ്ടതായിരുന്നു.

ഈ അജണ്ട ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ തീരുമാനത്തിന് വന്നപ്പോള്‍ ബി.ജെ.പി.യും ഇടതുപക്ഷ അംഗങ്ങളും എതിര്‍ത്തിരുന്നു. തുടര്‍ന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ കൗണ്‍സില്‍ തീരുമാനത്തിന് വിടുകയായിരുന്നു. കൊല്ലാകൊല്ലം ചെയര്‍മാന്‍മാറുന്ന രാഷ്ട്രീയ കാലാവസ്ഥയുള്ള കേരളത്തില്‍ ചെയര്‍മാന്‍മാരുടെ ഫോട്ടോ വയ്ക്കാനുള്ള തീരുമാനം നഗരസഭയില്‍ ആര്‍ട്ട് ഗാലറി തുടങ്ങുന്നത് പോലെയായിരിക്കുമെന്ന് ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി വിലയിരുത്തി. യോഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സന്തോഷ് ബോബന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ രമേശ് വാരിയര്‍, അമ്പിളി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top