ഇരിങ്ങാലക്കുടയുടെ നേർസാക്ഷ്യങ്ങളുമായ് ചരിത്ര ചിത്രപ്രദർശനം

ഇരിങ്ങാലക്കുട : നിശാഗന്ധി ഇരിങ്ങാലക്കുട മാന്വൽ പ്രകാശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലെ അപൂര്‍വ രേഖകളുടെ അടിസ്ഥാനത്തില്‍ ഒരുക്കിയ ചരിത്ര ചിത്രപ്രദർശനം ടൗൺ ഹാളിൽ നടന്നു. സിനിമ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മാന്വലിൽ ഉൾപെടുത്തുവാനായ് ശേഖരിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 150 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.

1957 ൽ ഇരിങ്ങാലക്കുടയിൽ എത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനും മകൾ ഇന്ധിരാഗാന്ധിക്കും ഇരിങ്ങാലക്കുട നഗരസഭ നൽകിയ സ്വീകരണ സ്വീകരണ ചിത്രം , 1938 ൽ പണിതീർത്ത കരാഞ്ചിറ ഇരുമ്പ് പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യം, 1980 ൽ പ്രവർത്തനം നിലച്ച ഇരിങ്ങാലക്കുടയിലെ സിനിമ പ്രേമികളുടെ മനസ്സിൽ ഇന്നും പച്ച പിടിച്ചു നിൽക്കുന്ന കോന്നി തീയറ്റർ, കൊച്ചിയെയും തിരുവിതാംകൂറിനെയും വേർതിരിക്കുന്ന വേളൂക്കരയിലെ കൊതിക്കല്ല്, രാജസിംഹ പെരമാളടികളുടെ 11-ാം നൂറ്റാണ്ടിലെ താഴേക്കാട് ശാസനം , ഇരിങ്ങാലക്കുടയിലെ , ഐ എൻ എ യുടെ ഝാൻസി റാണി റെജിമെന്റിനെ ക്യാപ്റ്റൻ ലക്ഷ്മി നയിക്കുന്നതടക്കം ആദ്യകാല ഫോട്ടോഗ്രാഫറായ ജോസഫ് ഊക്കനെടുത്ത അപൂർവ ചിത്രങ്ങൾ , ദശകങ്ങൾക്കു മുൻപ് മൺപാത്ര നിർമാണത്തിനായി കുംബാര സമൂഹം കളിമണ്ണെടുത്തിരുന്ന മുരിയാടിലെ ചാലിക്കുളം, പടിയൂരിലെ ആദ്യത്തെ സൈക്കിൾ, ഉടമയുമായ ഇനാപുളി പരമുമേനോൻ, (1931) എടതിരിഞ്ഞിയിലെ ആദ്യത്തെ കാർ (1951 ), സിലോണിൽ നിന്ന് മോറിസ് മൈനർ കാറുമായെത്തിയ മാടത്തിങ്കൽ കുട്ടൻ, തുടങ്ങി ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ചരിത്രങ്ങളിലേക്ക് എത്തിനോക്കാൻ സഹായിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്‌ ഇവയെല്ലാം ഇരിങ്ങാലക്കുട മാന്വലിൽ വിവരണ സഹിതം ഉൾപെടുത്തിയീട്ടുണ്ടെന്ന് നിശാഗന്ധി ഇരിങ്ങാലക്കുട മാന്വൽ ചെയർമാൻ അഡ്വ എം എസ് അനിൽകുമാറും എഡിറ്റർ ജോജി ചന്ദ്രശേഖരനും പറഞ്ഞു.

ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളെ ആദരിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരുന്നു. നിശാഗന്ധി മാന്വൽസ് ചെയർമാൻ അഡ്വ. എം എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നിശാഗന്ധി എഡിറ്റർ ജോജി ചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം മുൻ രജിസ്റ്റർ എൻ ആർ ഗ്രാമപ്രകാശ്, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ ശ്രീകുമാർ, കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം ടി.വി ജോൺസൻ, നിശാഗന്ധി മാന്വൽ ചീഫ് എഡിറ്റർ ഡോ. പി ഹരിശങ്കർ, മുൻ മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി സി പി ഐ എം ഏരിയ കമ്മിറ്റി അംഗം രാജു മാസ്റ്റർ എന്നിവർ സംസാരിച്ചു. കൃഷ്‌ണനുണ്ണി ജോജി സ്വാഗതവും പി എസ് ജിത്ത് നന്ദിയും പറഞ്ഞു.

മെയ് 18 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ്, ഇന്നസെന്റ് എം പി ക്ക് നൽകികൊണ്ട് ഇരിങ്ങാലക്കുട മാന്വൽ പ്രകാശനം ചെയ്യും.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top