കര്‍ശന പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ് : 26 ലൈസന്‍സ്സുകൾ സസ്‌പെന്‍ഡ് ചെയ്തു. 184 വാഹന രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നോട്ടീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട- ചാലക്കുടി മോട്ടോര്‍വാഹനവകുപ്പ് സ്‌ക്വാഡ് കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 26 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 184 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റി വാഹനങ്ങള്‍ ഓടിക്കല്‍, റെഡ്‌ലൈറ്റ് വയലേഷന്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂളിങ്ഫിലിം ഉപയോഗിച്ച 35 വാഹനങ്ങള്‍ക്കെതിരേയും മറ്റു പലതരത്തിലുള്ള രൂപമാറ്റം വരുത്തിയ കാറുകളടക്കം 56 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബൈക്കുകളുടെ സൈലന്‍സര്‍ മാറ്റിവെച്ച് ശബ്ദമലിനീകരണവും വായുമലിനീകരണങ്ങളും ഉണ്ടാക്കിയ 93 വാഹനങ്ങളുടെ ആര്‍.സി.യ്‌ക്കെതിരേ നടപടിയെടുത്തു. സൈലന്‍സറില്‍ മാറ്റം വരുത്തുന്നതിന് ബി.എസ്.ഫോര്‍ മലിനീകരണ നിയന്ത്രിത സ്റ്റാന്‍ഡേര്‍ഡിന് വിരുദ്ധമാണ്. തന്മൂലം വലിയ വായുമലിനീകരണമാണ് ഉണ്ടാകുന്നതെന്ന് ചാലക്കുടി-ഇരിങ്ങാലക്കുട സ്‌ക്വാഡ് ഉദ്യോഗസ്ഥനും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ സിന്റോ വി.എസ്. പറഞ്ഞു. ഇത്തരം വാഹനയുടമകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top