അയ്യങ്കാവ് മൈതാനം വാഹനങ്ങള്‍ കയറ്റി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കൗണ്‍സില്‍ തീരുമാനം ഫലപ്രദമാക്കുന്നില്ല

ഇരിങ്ങാലക്കുട : നഗരസഭ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം വാഹനങ്ങള്‍ കയറ്റി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കൗണ്‍സില്‍ തീരുമാനം ഫലപ്രദമായില്ല. മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കെ.എല്‍ 45 ഫെസ്റ്റ് സമാപിച്ചതോടെയാണ് മൈതാനം വീണ്ടും ചെളികുണ്ടായി മാറിയത്. ഫെസ്റ്റ് ആസ്വദിക്കാനെത്തിയവരുടെ വാഹനങ്ങള്‍ മൈതാനത്ത് കയറ്റി പാര്‍ക്ക് ചെയ്തതാണ് മൈതാനം ഇത്തരത്തിലാകാന്‍ കാരണം. നേരത്തെ ഓണകളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തി മൈതാനത്ത് നടത്തിയ ഓണകളി മത്സരത്തിന് ശേഷം മൈതാനം ഉഴുത് മറിച്ച നിലയിലായത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മൈതാനത്ത് സ്ഥിരമായി കളിച്ചിരുന്നവരും മൈതാനം കൂട്ടായ്മയും വ്യായമം ചെയ്യാന്‍ എത്തുന്നവരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മൈതാനം കൂട്ടായ്മയും ഇരിങ്ങാലക്കുടയിലെ കായിക പ്രേമികളും നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ചെയര്‍പേഴ്‌സന് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൈതാനം സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപാടികള്‍ക്കായി മൈതാനം വിട്ടുനല്‍കാമെങ്കിലും അവിടെ വാഹനങ്ങള്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു.

കര്‍ശന നിര്‍ദ്ദേശങ്ങളോടെ മാത്രമെ ഗ്രൗണ്ട് പരിപാടികള്‍ക്ക് വിട്ടുനല്‍കിയാല്‍ മതിയെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ.എല്‍. ഫെസ്റ്റിന്റെ അവസാന ദിവസമായ ഞായറാഴ്ച വൈകീട്ട് വാഹനങ്ങള്‍ മൈതാനം കീഴടക്കുകയായിരുന്നു. ഉച്ച മുതല്‍ പെയ്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് കിടന്നിരുന്ന മൈതാനത്ത് വാഹനങ്ങള്‍ കയറ്റിയതോടെ പാടം ഉഴുതുമറിച്ചതുപോലെയായി. വാഹനങ്ങളെ നിയന്ത്രിക്കാനോ, അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പറയാനോ സംഘാടകര്‍ക്കായില്ല. ഇതുമൂലം മൈതാനം കളിക്കാന്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലായി. ഓണക്കളി നടത്തിയപ്പോള്‍ മൈതാനം ചെളിക്കുളമായെന്ന് പറഞ്ഞ് പ്രതിഷേധിച്ചവര്‍ ഇന്ന് പ്രതിഷേധിക്കാതിരിക്കുന്നത് നീതിയുക്തമല്ലെന്ന് ഓണക്കളി കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. അന്നും മഴ പെയ്തതാണ് ഗ്രൗണ്ട് കുളമാകാന്‍ കാരണം. എന്നാല്‍ ഓണക്കളിയാണ് ഗ്രൗണ്ട് നശിപ്പിച്ചതെന്നായിരുന്നു ചിലരുടെ ആരോപണങ്ങള്‍. എന്നാല്‍ അതിലും ഭീകരമായി ഇപ്പോള്‍ ഗ്രൗണ്ട് നശിപ്പിക്കപ്പെട്ടിട്ടും ഒരാളും അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. യഥാര്‍ത്ഥത്തില്‍ നഗരസഭയ്‌ക്കെന്ന വ്യാജേനെ ഓണക്കളി കലാകാരന്മാര്‍ക്കെതിരെയായിരുന്നു അന്നത്തെ പ്രതിഷേധമെന്നാണ് ഇതിലൂടെ കരുതേണ്ടതെന്നും സെക്രട്ടറി സുരേന്ദ്രന്‍ കണ്ണൂക്കാടന്‍ പറഞ്ഞു. എന്നാല്‍ പരിപാടിക്ക് ഗ്രൗണ്ട് നല്‍കിയാല്‍ അത് യഥാവിധി സംരക്ഷിക്കേണ്ടത് സംഘാടകരുടെ ചുമതലയാണെന്ന് നഗരസഭ വ്യക്തമാക്കി. വാഹനങ്ങള്‍ കയറ്റി മൈതാനം നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നേരെയാക്കി നല്‍കേണ്ടത് അവരാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ മൈതാനം വാടകയ്ക്ക് നല്‍കുമ്പോള്‍ കോഷന്‍ ഡപ്പോസിറ്റായി വാങ്ങി വയ്ക്കുന്ന തുക നഗരസഭ മൈതാനം നേരെയാക്കാന്‍ വിനിയോഗിക്കുമെന്നും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി വര്‍ഗ്ഗീസ് പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top