ഇരിങ്ങാലക്കുട : ആന എഴുന്നള്ളിപ്പ് വേണമെന്ന് തന്നെയാണ് ഭൂരിപക്ഷം ആഗ്രഹിക്കുന്നത് അതിനെതിര് പറയുന്ന ചെറിയൊരു വിഭാഗം ക്ഷേത്ര ആരാധനക്കും വിശ്വാസത്തിനും എതിരന്നെന്നു പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു. സമീപകാലത്തായി നാട്ടാനകളുടെ അകാലനഷ്ടങ്ങൾ ആകുലപെടുത്തുന്നതാണെന്നും വിദൂരമല്ലാത്ത ഭാവിയിൽ ആന പുറത്തെഴുന്നള്ളിപ്പിനെ ബാധിക്കുകയും ചെയ്യും.
ശേഷിക്കുന്ന ആനകളെ ഉപയോഗിച്ച് വിശ്രമമില്ലാതെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നത് ദല്ലാൾമാർക്ക് കൊയ്ത്തിനു സാഹചര്യം ഒരുക്കുമെന്നും ആഘോഷങ്ങൾ ഉന്മൂലനം ചെയ്യാൻ ഒരുമ്പെട്ട് നിൽക്കുന്നവർക്ക് ഈ സാഹചര്യം സോദാഹണ പ്രചാരണത്തിന് അവസരമാകുമെന്നും പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു. നിലവിലെ ആനകൾ അദ്ധ്വാന ഭാരത്താൽ പീഡിതരാകുന്നതിൽ നിന്ന് രക്ഷപെടുത്താൻ നാട്ടാന ലഭ്യത വർദ്ധിപ്പിക്കുക എന്ന പ്രതിവിധിയെ ഉള്ളുവെന്നും അതിനായി യാഥാർഥ്യ ബോധത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാവണമെന്നുള്ള ക്യാമ്പയിൻ കൂടൽമാണിക്യ കിഴക്കേ നടയിൽ നിന്ന് ചൊവ്വാഴ്ച്ച പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
കൂടൽമാണിക്യ ദേവസ്വം ചെയർമാൻ യു പ്രദീപ്മേനോന്‍ പൂരപ്രേമി സംഘം രക്ഷാധികാരി നന്ദകുമാർ വകയിൽ നിവേദനം നൽകി. ദേവസ്വം കമ്മിറ്റിയംഗം അഡ്വ. രാജേഷ് തമ്പാൻ, ഗുരുവായൂർ ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി ഉദയകുമാർ, തൃശൂർ പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ടിൽ, ആനത്തൊഴിലാളി സംഘം പ്രസിഡന്റ് വാഴക്കുളം മനോജ്, എലിഫന്റ് ഒന്നേഴ്സ് സൊസൈറ്റിയുടെ എലിഫന്റ് സ്ക്വാഡിലെ രമേഷും സംഘവും ചടങ്ങിന് നേതൃത്വം നൽകി.