നഗരസഭക്ക് വാക്ക് പാലിക്കാനും അറിയാം – ബസ് സ്റ്റാന്റിനടുത്തുള്ള തകർന്ന റോഡുകളുടെ റീ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതുജനവികാരം നഗരസഭക്കെതിരെ കടുത്ത പ്രതിഷേധമായി മാറിയതോടെ ബസ് സ്റ്റാൻഡിനു സമീപത്തെ മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ റോഡുകൾ അടിയന്തരമായി നന്നാക്കുമെന്ന കൗൺസിലിലെ വാഗ്ദാനം തിങ്കളാഴ്ച തന്നെ നഗരസഭ നടപ്പിലാക്കി വാക്ക് പാലിച്ചു. ഇപ്പോൾ താൽകാലികമായി ഭീമൻ കുഴികൾ അടച്ചു ടാർ ചെയ്തു റോഡ് സഞ്ചാരയോഗ്യമാക്കും. അതിനുശേഷം പിന്നീട് ടൈൽ വിരിക്കാനാണ് തീരുമാനമെന്ന് പണികൾ നേരിട്ടെത്തി മേൽനോട്ടം വഹിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ . വി സി വർഗീസ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പോസ്റ്റ് ഓഫീസ് മുതൽ ബസ് സ്റ്റാൻഡിന്റെ എൻട്രൻസ് വരെയുള്ള ഭാഗമാണ് കുഴികളടച്ച് റിപ്പയർ നടത്തുന്നത്. ഇതിനായി പോസ്റ്റ് ഓഫീസിനു മുൻവശത്തും കാട്ടൂർ റോഡിലും റോഡ് ബ്ലോക്ക് ചെയ്തു ഗതാഗതം തിരിച്ചു വിടുന്നുണ്ട് . 5 മണിയോടെ പണികൾ പൂർത്തിയാക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി പറഞ്ഞു. കോൺക്രീറ്റിംഗിനായി 2 ദിവസം എടുക്കുമെന്നും 5 ദിവസത്തോളം വാഹനങ്ങൾ ഇതുവഴി കടത്തി വിടാൻ പറ്റില്ല എന്നുള്ളതുകൊണ്ടും ബസ് സ്റ്റാൻഡ് 5 ദിവസത്തേക്ക് അടച്ചിടേണ്ടിവരുമെന്നു കൗൺസിലിൽ ഭരണപക്ഷം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ താത്കാലികമായാണ് അറ്റകുറ്റ പണികൾ നടത്തുന്നത്, അതിനാൽ നാളെ മുതൽ ഗതാഗതം സാധാരണഗതിയിൽ തുടരും. നഗരസഭ പലപ്പോഴും വാക്ക് പാലിക്കാറില്ലെന്നും 6- ാം തീയ്യതി വൈകുന്നേരം കോൺക്രീറ്റിംഗ് ആരംഭിച്ചില്ലെങ്കിൽ 7 – ാം തീയ്യതി രാവിലെ എൻജിനിയറിങ് സെക്ഷൻ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നും എൽ ഡി എഫ് കൗൺസിലിൽ ശക്തമായ നിലപാട് എടുത്തിരുന്നു. അതിനു പുറമെ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡ് നന്നാക്കാത്തതിനെതിരെ മുൻസിപ്പാലിറ്റിക്കെതിരെ പൊറത്തിശ്ശേരി നിവാസികളായ ഷാബു മുറിപറമ്പിൽ , ജയദേവൻ രാമങ്കളം എന്നിവർ അഡ്വ. എം പി ജയരാജ് മുഖാന്തിരം ഇരിങ്ങാലക്കുട മുൻസിപ്പൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ച കോടതി റോഡിന്റെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ നിയോഗിച്ച കമ്മീഷൻ അഡ്വ. മോനി കഴിഞ്ഞ ചൊവ്വാഴ്ച സ്ഥലത്ത് എത്തി തെളിവെടുത്തിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top