സംഗമപുരിയെ ഉത്സവലഹരിയിലേക്കുയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : സംഗമപുരിയെ ഉത്സവലഹരിയിലേക്കുയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി നിർവഹിച്ചു. പഞ്ചാരിമേളത്തിന്‍റെയും ആനകളുടെയും കലകളുടെയും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിനാണ് ഇതോടെ തുടക്കമായത്. താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില്‍ മന്ത്രങ്ങള്‍ ആവാഹിച്ചാണ് കൊടിയേറ്റ കർമ്മങ്ങൾ നടന്നത് . നൂറുകണക്കിന് ഭക്തജനങ്ങളും ദേവസ്വം ഭാരവാഹികളും ഇതിന് സാക്ഷിയായി. ശ്രീകോവിലില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വെച്ച് കൊടിമരത്തിന് പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്.

കിഴക്കേനടയില്‍ വലിയ ബലിക്കല്ലിനോട് ചേര്‍ന്നുള്ള കൊടിമരത്തില്‍ കൊടിയേറിയതോടെ ക്ഷേത്രകലകള്‍ക്ക് തുടക്കമിട്ട് കൂത്തമ്പലത്തില്‍ മിഴാവിന്‍റെ നാദം ഉയര്‍ന്നു. അമ്മന്നൂര്‍ കുടുംബത്തില്‍ നിന്നുള്ള അംഗം ബാലചരിതത്തിന്‍റെ സൂത്രധാരന്‍റെ പുറപ്പാട് നടത്തി. നൂറിലധികം വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരത്തിന്‍റെ അണുതെറ്റാതെയുള്ള നിഷ്ഠയുടെ ഭാഗമാണ് കൊടിയേറ്റ് ദിവസം കൂത്തമ്പലത്തില്‍ തുടങ്ങുന്ന കൂത്തുപറച്ചില്‍. കൊടിയേറ്റ് ദിവസം നടക്കുന്ന ഏക കലാപരിപാടിയും ഇതാണ്.

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  
Top