മുരിയാട് റോഡ് നിര്‍മ്മാണത്തെ തുടര്‍ന്ന് തകരാറിലായ ടെലഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട : റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് തകരാറിലായ മുരിയാട് മേഖലയിലെ ടെലഫോണ്‍, ഇന്റര്‍ നെറ്റ് സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതുമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നില്ലെന്നും അതിനാല്‍ എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പോലിസ്, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, പൊതുമരാമത്ത് അധികൃതര്‍ എന്നിവര്‍ ശ്രദ്ധ ചെലുത്തണം. വേളൂക്കര മേഖലയില്‍ കൃഷിയിറക്കുന്നതിനുള്ള വിത്തുകള്‍ ലഭ്യമായിട്ടില്ലെന്നും ആയതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പുത്തന്‍ചിറ, വേളൂക്കര എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയസേവനം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണം. ക്യാന്‍സര്‍ പെന്‍ഷന്‍ ലക്ഷ്യമാക്കുന്നതിന് ആര്‍.സി.സി, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിനുപകരം ജില്ലാ, ജനറല്‍ ആശുപത്രിയിലെ ഓങ്കോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നടപടിയെ യോഗം അഭിനന്ദിച്ചു. തൊഴിലുറപ്പുപദ്ധതിയില്‍ വര്‍ഷത്തില്‍ 150 ദിവസമെങ്കിലും ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ബ്ലോക്ക്, പഞ്ചായത്ത് സെക്രട്ടറിമാര്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ അറ്റകുറ്റപണികല്‍ അടിയന്തിരമായി നടത്തുവാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രതിനിധി തങ്കംടീച്ചര്‍, സി.എന്‍ ജയദേവന്‍ എം.പിയുടെ പ്രതിനിധി കെ. ശ്രീകുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വകുപ്പ് പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. തഹസില്‍ദാര്‍ മധുസൂദനന്‍ ഐ.ജെ സ്വാഗതം പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top