പുസ്തകത്തെ പ്രണയിച്ച് പ്രസാധകനായ വി.എസ് വസന്തൻ

ഇരിങ്ങാലക്കുട : പുസ്തകവിശപ്പ് എന്നുള്ളത് ആഗോളതലത്തിൽ ഒരു മുദ്രാവാക്യമായി മാറിക്കഴിഞ്ഞതായും ഇതിന്‍റെ ആളിക്കത്തൽ മനുഷ്യകുലത്തോളം നിലനിൽക്കുമെന്നും പുസ്തകത്തെ പ്രണയിച്ച് പ്രസാധകനായിമാറിയ വി.എസ് വസന്തൻ പറയുന്നു. അതിന്‍റെ പ്രതിഫലനമായിട്ടാണ് താനൊരു പ്രസാധകനായതെന്നും അദ്ദേഹം പുസ്തകദിനത്തിൽ മനസ് തുറന്നു. ചെറുപ്പ കാലം മുതലേ സാഹിത്യ രചനയിൽ കമ്പം ഉണ്ടായിരുന്ന അദ്ദേഹം പ്രവാസ ജീവിതത്തിനു ശേഷമാണ് പ്രസാധകനാകുന്നത്. അതും ലോകം ആരാധിക്കുന്ന എം ടി വാസുദേവൻ നായരുടെ പെരുന്തച്ചൻ എന്ന പ്രശസ്ത കൃതിയുടെ തിരക്കഥ പ്രസിദ്ധീകരിച്ചു കൊണ്ട്. 1991 ൽ വി.എസ് വസന്തന്‍റെ പ്രസാധക സ്ഥാപനത്തിന് പുസ്തക പബ്ലിക്കേഷൻസ് എന്ന നാമകരണം ചെയ്തത് സാഹിത്യക്കാരൻ അഷ്ടമൂർത്തിയാണ്.

പുസ്തകത്തോടുള്ള പ്രിയം കൊണ്ട് പുസ്തക പ്രസാധകനാകേണ്ട കാര്യമുണ്ടോ എന്ന് പല സുഹൃത്തുക്കളും തന്നോട്‌ ചോദിച്ചിരുന്നു. പ്രവാസ ജീവിതത്തിനിടക്ക് തന്‍റെ സുഹൃത്തായ ശത്രുഘ്‌നൻ, നാട്ടിൽ ചെന്നാൽ എന്താന്ന് പരിപാടിയെന്ന് ചോദിച്ചപ്പോൾ, ഒരു പുസ്തക പ്രസാധകനാകുക എന്നതാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. അക്കാലത്ത് നാട്ടിൽ സമാന്തര പുസ്തക പ്രസിദ്ധീകരണങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഷെല്ലിയടക്കമുള്ളവർ പ്രസാധക രംഗത്ത് ഉണ്ടായിരുന്ന കാലം. ഒട്ടും പ്രാപ്യമല്ലാത്ത ഒരാഗ്രഹമായിരുന്നു ശത്രുഘ്‌നന്റെ മുന്നിൽ പ്രകടിപ്പിച്ചിരുന്നത്. എം.ടി യുടെയും എം സുകുമാരന്‍റെയും പുസ്തകം കിട്ടുകയാണെങ്കിൽ മാത്രം താൻ പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന് ഒരു അതിമോഹം പറഞ്ഞിരുന്നു. അക്കാലത്തു ചിത്രീകരണം നടന്നിരുന്ന എം ടി യുടെ പെരുംന്തച്ചന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കാൻ ഒരവസരം ശത്രുഘ്‌നൻ ഒരുക്കി തരികയായിരുന്നു. അതിനു ശേഷം എം സുകുമാരന്റെ സുഹൃത്ത് മനോജ് വഴി അദ്ദേഹത്തിന്റെ ചരിത്രഗാഥ കഥാസമാഹാരവും പുറത്തിറക്കാനായി.

പിന്നീട് ശത്രുഘ്‌നന്‍റെ കഥാസമാഹാരമായ കടൽ പോലെ കാമിനി, രഘുരാമന്‍റെ കഥാസമാഹാരം ന്യായവാദം, ടി.കെ ഗംഗാധരന്‍റെനോവൽ കൂട്ടം തെറ്റിയ കുട്ടി, കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കഥകളും കവിതകളുമടങ്ങിയ കുഞ്ഞാടി പാട്ടുകൾ, വി.കെ കൃഷ്‌ണ വാധ്യാരുടെ കിഷ്‌ണപുരം ഡോ കെ.എ സ്റ്റീഫൻസൺ ഒറ്റപുഴാന്റെ പാട്ട്, വി.എസ് വസന്തന്‍റെ തന്നെ സറ്റയർ കൃതികളായ ചില ചില്ലറ ചില്ലകൾ എന്നിവ പുസ്തക പബ്ലിക്കഷൻസ് പ്രസിദ്ധീകരിച്ചീട്ടുണ്ട്. അടുത്തതായി പ്രസിദ്ധീകരിക്കുന്നവ വി ബി സി നായരുടെ തൂലിക ചിത്രങ്ങൾ ഉൾപ്പെട്ട പൂർണ്ണത തേടുന്ന അപൂർവ ബിന്ദുക്കൾ, വി. കൃഷ്‌ണവാദ്ധ്യാരുടെ ഇരുന്നൂറ് കുട്ടികഥകൾ, വി.എസ് വസന്തന്റെ നോവൽ “വെറുതെ” എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രസാധകർ കൂണ് പോലെ മുളച്ചു പൊങ്ങുന്നുണ്ടെങ്കിലും വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നത് ഒരു യാഥാർഥ്യമാണെന്നു അദ്ദേഹം പറഞ്ഞു. പുസ്തദിനങ്ങൾ ആചരിക്കുന്നത് വായനയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഡിജിറ്റൽ യുഗത്തിലും പുതുതലമുറ പുസ്തകങ്ങളെ തേടിവരുന്നത്ത് സന്തോഷകരമായ കാഴ്ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രണയകാലത്ത് പ്രണയം പൂത്തു പൂവണിയാനും, യുദ്ധകാലത്ത് യുദ്ധം തീവ്രമാക്കാനും, വിപ്ലവകാലത്ത് സമരാവേശമാക്കാനും, പട്ടിണിയുടെ കാലത്ത് അലമാരപ്പുറത്തെ അപ്പക്കഷണമെടുക്കുവാനും പുസ്തകങ്ങൾ സഹായിക്കും. പുസ്തകം വായിക്കാത്തവൻ കാട്ടാളനും അല്ലാത്തവർ മനുഷ്യനുമാകുന്നു…… പ്രശസ്ത കവി ബ്രെത്ത് പറഞ്ഞതോർത്ത് പുസ്തകങ്ങളുടെ ലോകത്ത് ഇപ്പോളും സജീവ സാന്നിധ്യമാണ് വട്ടപറമ്പൻ എന്ന വി. എസ് വസന്തൻ.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top