പുല്ലൂര്‍ അപകടവളവിലെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പുല്ലൂര്‍ : പോട്ട- മൂന്നുപീടിക സംസ്ഥാനപാതയിലെ പുല്ലൂര്‍ മിഷന്‍ ആശുപത്രിക്ക് സമീപമുള്ള അപകടവളവ് ഒഴിവാക്കുന്നതിനുള്ള രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഒരിടവേളക്ക് ശേഷം പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. മുരിയാട് പഞ്ചായത്തിലും ഇരിങ്ങാലക്കുട നഗരസഭയിലുമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം ഉൾ പ്പെട്ടിരിക്കുന്നത്. നഗരസഭാ പരിധിയിൽ ഉൾപ്പെട്ട ഉരിയച്ചിറയുടെ അരികിലാണ് ഇപ്പോൾ പണികൾ ആരംഭിച്ചിരിക്കുന്നത്.

ടാറിങ്ങ് അടക്കമുള്ള ശേഷിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇതിനോടനുബന്ധിച്ച് ഉണ്ടാകും. ഇതിന്റെ മുന്നോടിയായി റോഡില്‍ നിന്നിരുന്ന വൈദ്യൂതി കാലുകള്‍ നീക്കി. ശേഷിക്കുന്ന വൈദ്യൂതി കാലുകള്‍ റോഡ് പ്രവര്‍ത്തികള്‍ക്കൊപ്പം മാറ്റി സ്ഥാപിക്കും.. റോഡിലെ തടസ്സമുണ്ടായിരുന്ന മരങ്ങളും ലേലം ചെയ്ത് കൊടുത്തു. മുറിച്ചിട്ട മരങ്ങള്‍ കരാറുകാരന്‍ കൊണ്ടുപോകാതെ റോഡില്‍ തന്നെ ഇട്ടിരുന്നത് ഏറെ അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പി.ഡബ്ല്യൂ.ഡി. ഇടപെട്ടാണ് മരങ്ങള്‍ മാറ്റിയത്.

2012ലാണ് പി.ഡബ്ല്യു.ഡി. അപകടവളവൊഴിവാക്കിക്കൊണ്ടുള്ള റോഡിനായി സ്ഥലം അടയാളപ്പെടുത്തിയത്. തുടര്‍ന്ന് പലയിടങ്ങളിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാദമായ വില്ലയുടെ മതിലടക്കമുള്ള കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതുമൂലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകി. പിന്നീട് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് വിവാദ മതിലിന്റെ ഭാഗങ്ങളടക്കമുള്ളവ പൊളിച്ചുനീക്കിയാണ് റോഡ് വീതികൂട്ടല്‍ ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയുടെ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ വളവിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി വീതി കൂട്ടി ഇരുവശങ്ങളിലും കാനകള്‍ നിര്‍മ്മിച്ച് കോണ്‍ക്രിറ്റ് ചെയ്ത് മണ്ണടിച്ചിരുന്നു. എന്നാല്‍ കാനകള്‍ സ്ലാബിട്ട് മൂടി ടാറിങ്ങ് അടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മണ്ണുറയ്ക്കാതെ വൈദ്യൂതി കാലുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാതിരുന്നതും തിരിച്ചടിയായി. തുടര്‍ന്ന് താല്‍ക്കാലികമായി റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കുകയായിരുന്നു. മണ്ണ് ഉറച്ചശേഷമാണ് വൈദ്യൂതി കാലുകള്‍ നീക്കി സ്ഥാപിച്ചത്.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top