സ്കൂൾ ഗ്രൗണ്ടിനു വേണ്ടി അനധികൃത നിലംനികത്തൽ

ഇരിങ്ങാലക്കുട : കാട്ടുങ്ങചിറ ലിസ്യു കോൺവെന്‍റ് സ്കൂളിന്‍റെ പ്രവേശന കവാടത്തിന് സമീപം കന്യാസ്ത്രീ മഠത്തിന്‍റെ ഉടമസ്ഥതയിലുള്ള നിലം അനധികൃതമായി നികത്തുന്നു. സ്കൂൾ ഗ്രൗണ്ടിന് വേണ്ടിയാണ് നിലം നികത്തുന്നത് എന്നാണ് അധികൃതരുടെ ഭാഷ്യം. ഇരുപത് വർഷം മുമ്പുവരെ നെൽകൃഷി ചെയ്തിരുന്ന ഈ വയൽ ഭൂമി പിന്നീട് തരിശിടുകയായിരുന്നു. ഇപ്പോൾ നികത്തുന്ന സ്ഥലത്തിന് തൊട്ടു തെക്കുഭാഗത്തുണ്ടായിരുന്ന നിലം വർഷങ്ങൾക്കു മുമ്പേ നികത്തിയിരുന്നു. മഴക്കാലം മുഴുവൻ വെള്ളം കെട്ടി നിൽക്കുന്ന നീർത്തട പ്രദേശമാണ് ഇപ്പോൾ നികത്താൻ ശ്രമിക്കുന്നത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ആനന്ദപുരത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ അംഗീകൃത സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നിർത്തലാക്കിയപ്പോൾ അതിന്‍റെ ലേബലിൽ ലിസ്യു കോൺവെന്‍റിൽ താൽക്കാലിക അംഗീകാരത്തോടെ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തിരുന്നു.

 

എന്നാൽ തൊട്ടടുത്തുള്ള എസ്.എൻ.ഹൈസ്കൂളിന്‍റെ അരക്കിലോ മീറ്ററിനുള്ളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഹൈസ്കൂൾ അനുവദിച്ചതിനെതിരെ പരാതികൾ ഉയരുകയും, അതിനെ തുടർന്ന് ഇവിടെ ആരംഭിച്ചിട്ടുള്ള എൽ.പി.സ്കൂളും, ഹൈസ്കൂളും അടച്ചുപൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹൈസ്കൂളിന് ഗ്രൗണ്ട് ഒരുക്കാനെന്ന പേരിൽ 6 മാസക്കാലത്തിലധികം വെള്ളം കെട്ടി നിൽക്കുന്ന വിരിപ്പ് നിലം മണ്ണിട്ട് നികത്തുന്നത്. റവന്യൂ അധികൃതരും, പോലീസും ഈ കാഴ്ച കണ്ടില്ലെന്ന് നടിക്കുകയാണ്.നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top