ചതുരങ്ങൾ ചർച്ച ചെയ്യപെടുമ്പോൾ …

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ പൂർവ വിദ്യാര്‍ത്ഥികളായ ഒരു കൂട്ടം നാടക സിനിമ പ്രേമികളും ഇരിങ്ങാലക്കുടയിലെ കലാ സാംസ്‌കാരിക രംഗത്തെ ചിലരും ചേർന്നു രൂപപ്പെടുത്തിയ ‘ചതുരങ്ങൾ’ പൊതുജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കുക വഴി നമ്മുടെ കാഴ്ചാ സംസ്കാരത്തിൽ പുതിയ അധ്യായം രചിച്ച് വിജയത്തിലേക്ക്. സമകാലീന സമൂഹത്തിലെ ചില പ്രവണതകൾക്കും അവയേൽപ്പിക്കുന്ന പ്രത്യാഘാതങ്ങൾക്കും നേരെ പിടിക്കുന്ന കണ്ണാടിയായ 25 മിനിട്ട് ദൈർഘ്യമുള്ള ചതുരങ്ങൾ’ എന്ന സിനിമ മാർച്ച് അവസാന വാരം യൂട്യൂബിലൂടെ റിലീസ് ചെയ്തതിനു ശേഷം ഇതിനോടകം പതിനായിരങ്ങളാണ് കണ്ടത്.

ഒറ്റക്ക് താമസിക്കുന്ന, വിവാഹ മോചിതയായ ‘ചിന്ത’ എന്ന യുവതി, അവൾ കടന്നു പോകുന്ന വഴികളിലെല്ലാം, തന്‍റെ സ്വാതന്ത്ര്യവും, ആത്മാഭിമാനവും മുറുകെപ്പിടിക്കാനുള്ള ശ്രമങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. (കപട) സദാചാരത്തിന്‍റെ മറവിലുള്ള സങ്കുചിത മനോവ്യാപാരങ്ങൾ ഒരുവ്യക്തിയുടെ, പ്രത്യേകിച്ച്ഒരു സ്ത്രീയുടെ അതിക്രമിച്ചു കയറുന്നുവെന്നും, സംസാരത്തെയും, പെരുമാറ്റത്തെയും, വസ്ത്രധാരണത്തെയും വരെ എങ്ങനെ നിയന്ത്രിക്കുന്നുവെന്നും സിനിമയിലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ഉദാഹരിക്കുന്നു. ഒരു സ്ത്രീ അവളുടെ ജീവിതം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ചതുരങ്ങളിൽ മാത്രം ജീവിച്ചു തീർക്കേണ്ടതാണെന്ന വ്യവസ്ഥിതിയും, അതിലെ ഭൂരിപക്ഷ മനോഭാവവുമാണ്പ്രധാനമായി ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്.

വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരെ ‘കൈകാര്യം’ ചെയ്യാൻ വിധിക്കുന്നവർ, അവരുടെ ജീവന് നേരെയുള്ള ഭീഷണി തങ്ങളുടെ സദാചാര നിയമങ്ങൾക്കു നേരെയല്ലെന്നുള്ള സൗകര്യ പൂർവ്വമായ കണ്ടെത്തലിൽ നിഷ്ക്രിയരാകുന്നത് നമ്മുക്ക് പരിചിതമായ ഒരറിവായി തീരുകയാണ്. ഈ അവസ്ഥയുടെ മൂലകാരണങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതോടൊപ്പം, തെറ്റുകൾ തിരുത്തപ്പെടുന്ന ഒരു നാളെയുടെ പ്രതീക്ഷയിൽ സിനിമ അവസാനിക്കുന്നു. ആവശ്യമില്ലാത്തിടത്തു പ്രതികരിക്കാനും, അത്യാവശ്യങ്ങളിൽ നിസ്സംഗരായിരിക്കാനും സമൂഹവും, മാധ്യമങ്ങളും സൗകര്യപൂർവം സ്വയം നിർമ്മിക്കുന്ന ചതുരങ്ങളെല്ലാം ഇവിടെ വിഷയമാകുന്നുണ്ട്.

ആൽഫ്രഡോ & ടോട്ടോ ക്രിയേഷൻസ്ന്റെ ബാനറിൽ അനീസ് മൊയ്ദീൻ, വിനി ജോസഫ്, ജിബിൻ ജോസ്, ഷിൻസി മാത്യൂസ്, ശ്യാമ വാര്യർ, രജിത്കുമാർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രജിത്കുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. വിവേക്.ഇ സഹസംവിധാനം നിർവഹിച്ചിരിക്കുന്നു. അഷ്കർ അലി ഛായാഗ്രഹണവും, സിദ്ദിഖ്പി. ഹൈദർ ചിത്രസംയോജനവും, വരുൺ ഉണ്ണി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിന്നു കുരുവിള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈചിത്രത്തിൽ, ജിജോയ്പി. ആർ, അഡ്വ. പി. മണികണ്ഠൻ, രജിത്കുമാർ, അഡ്വ. അരവിന്ദ്വാര്യർ, സനാജ്കുമാർ, തങ്കപ്പൻ പള്ളിപ്പാട്ട്, ബിജോയ്പി. ആർ., അഡ്വ. മിഥുൻ തോമസ്എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു.

Leave a comment

Top