പതിമൂന്നാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം ഡിസംബർ 10 മുതൽ 15 വരെ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ

ഇരിങ്ങാലക്കുട : വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ പതിമൂന്നാമത് വാദ്യോത്സവത്തിന് ഡിസംബർ 10 ശനിയാഴ്ച തുടക്കമാകും.

വൈകിട്ട് ആറുമണിക്ക് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷതവഹിക്കും. പല്ലാവൂർ ഗുരുസ്മൃതി അവാർഡ് ചോറ്റാനിക്കര സുരേന്ദ്രൻമാരാർക്കും തൃപ്പൂക്കുളം പുരസ്കാരം കലാമണ്ഡലം ബാലരാമനും സമർപ്പിക്കും.

മന്ത്രി ഡോ. ആർ ബിന്ദുവിനും സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായ മട്ടന്നൂർ ശങ്കരൻകുട്ടിക്കും സ്വീകരണം നൽകും. ദേശീയ അവാർഡ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി കലാനിലയം രാഘവൻ വി കെ അനിൽകുമാർ എന്നിവരെ സ്നേഹാദരം നൽകി ആദരിക്കും.

മാക്കോത്ത് കുട്ടന്മാരാർ, പൈങ്കുളം പത്മനാഭൻ നായർ, പരിയാരത്ത് ഗോപാലകൃഷ്ണമാരാർ, മഠത്തിലാത്ത് ഉണ്ണി നായർ, കുമ്മത്ത് നന്ദനൻ എന്നിവർക്ക് ഗുരുപൂജ പുരസ്കാരം സമർപ്പിക്കും.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, പത്മശ്രീ പെരുവനം കുട്ടന്മാരാർ, തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ എന്നിവർ വിശിഷ്ടാതികളാവും. ശേഷം വൈകിട്ട് 7 30ന് കാർത്തി പി മാരാരുടെ തായമ്പകയുണ്ടാകും

ഡിസംബർ 11 ഞായറാഴ്ച വൈകിട്ട് 6 30ന് പെരുവനം യദു എസ് മാരാരുടെ സോപാനസംഗീതവും, ഏഴുമണിക്ക് ചെറുശ്ശേരി ആനന്ദിന്റെ തായമ്പകയും നടക്കും.

ഡിസംബർ 12 തിങ്കളാഴ്ച വൈകിട്ട് 6 30ന് കലാമണ്ഡലം വിവേക് കലാമണ്ഡലം ശ്രീജിത്ത് എന്നിവരുടെ ഇരട്ട തായമ്പക നടക്കും.

ഡിസംബർ 13 ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് പത്മജ്യോതി പുരസ്കാര സമർപ്പണ സദസ്സ് കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി നാരായണൻ ഉദ്ഘാടനം ചെയ്യും. പ്രഥമ ദേശീയ പത്മജ്യോതി പുരസ്കാരം മേളപ്രമാണി പെരുവനം കുട്ടന്മാരാർക്കും, യുവപുരസ്കാരം തായമ്പക വിദ്വാൻ മട്ടന്നൂർ ശ്രീരാജിനും, കഥകളി ആചാര്യൻ പത്മശ്രീ ഡോക്ടർ കലാമണ്ഡലം ഗോപി ആശാൻ സമർപ്പിക്കും. പത്മിനി അനുസ്മരണ പ്രഭാഷണം വി കലാധരൻ നടത്തും. അഡ്വ. കെ.ജി അജയകുമാർ അനുമോദന പ്രസംഗം നടത്തും. തുടർന്ന് മട്ടന്നൂർ ശ്രീരാജിന്റെ സ്പെഷ്യൽ തായമ്പക ഉണ്ടാകും.

ഡിസംബർ 14 വൈകിട്ട് 6 30ന് പാനാവൂർ ശ്രീഹരിയുടെ തായമ്പക ഉണ്ടാകും.

ഡിസംബർ 15ന് വൈകിട്ട് സമാപന സമ്മേളനവും പല്ലാവൂർ തൃപ്പൂക്കുളം സ്മൃതി ദിനവും വൈകിട്ട് 6 30 നടക്കും. ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം നിർവഹിക്കും. രണ്ടാമത് പല്ലാവൂർ കർമ്മശ്രേഷ്ഠ പുരസ്കാരം വാദ്യ കലാപണ്ഡിതനായ കാലടി കൃഷ്ണയ്യർക്ക് സമർപ്പിക്കും. പല്ലാവൂർ തൃപ്പേകുളം അനുസ്മരണ പ്രഭാഷണം പരയ്‌ക്കാട് തങ്കപ്പൻ മാരാർ നടത്തും. ഡോ. മുരളി ഹരിതം വിശിഷ്ടാതിഥിയാകും.

തുടർന്ന് ഇരിങ്ങപ്പുറം ബാബുവിന്റെ നേതൃത്വത്തിൽ ചെമ്പട പാണ്ടിമേളത്തോടെ ദേശീയ പല്ലാവൂർ താള വാദി ഉത്സവത്തിന് തിരശ്ശീല വീഴുമെന്ന് സംഘാടകരായ കലാമണ്ഡലം ശിവദാസ്, കണ്ണമ്പിള്ളി ഗോപകുമാർ, ദിനേശ് വാരിയർ, അജയ് മേനോൻ, അനിൽകുമാർ പി എ, രാജേന്ദ്ര വർമ്മ, രാജേഷ് പരിയാടത്ത്, നീരജ് മേനോൻ എന്നിവർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top