ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള തണ്ണീർത്തട ഭൂമി തരംമാറ്റി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ

മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള തണ്ണീർത്തട ഭൂമി തരം മാറ്റി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ.
വെള്ളക്കെട്ട് അനുഭവപ്പെടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആദ്യം എത്തുന്നവരാണ് ഈ ഭാഗത്തുള്ള ജനങ്ങൾ

ഇരിങ്ങാലക്കുട : മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള തണ്ണീർത്തട ഭൂമി തരം മാറ്റി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മന്ത്രിമാർക്ക് പരാതി നൽകി. കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ തെക്കേനടയിൽ ഉള്ളവരാണ് മന്ത്രിമാരായ ആർ ബിന്ദുവിനും പി പ്രസാദനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുന്നത്.

മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആദ്യം എത്തുന്നവർ ഈ ഭാഗത്തുള്ള ജനങ്ങൾ ആണെന്ന് പരാതിയിൽ പറയുന്നു. റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി ഈ മേഖലയിൽ ധാരാളം ഭൂമികൾ വാങ്ങി കൂട്ടിയിട്ടുണ്ട്. ഉന്നതങ്ങളിൽ സ്വാധീനമുള്ളവരാണ് ഇവർ അധികവും. ഇവിടെയുള്ള ഇത്തരം ഭൂമി നികത്തിയാൽ സ്വാഭാവിക തോടുകളും നീർച്ചാലുകളും നഷ്ടപ്പെടുന്നതോടെ വെള്ളം ഒഴുകി പോകാൻ സാധ്യത അടയുന്നതോടൊപ്പം വെള്ളക്കെട്ടും രൂക്ഷമാകും എന്നതാണ് പരാതിയുടെ അടിസ്ഥാനം.

പരാതിയിൽ ചൂണ്ടികാണിച്ചിട്ടുള്ള സ്ഥലം നെൽവയൽ തണ്ണീർത്തട ഡാറ്റാബാങ്കിൽ, ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനകൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലും, പ്രാദേശിക നിരീക്ഷണ സമിതിയുടെ തീരുമാനപ്രകാരവും ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തിയ ഭൂമികളാണ്. ഇതാണ് ഇപ്പോൾ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നതായിപ്രദേശവാസികൾ പരാതിപ്പെടുന്നത്.

വികസനങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും, എന്നാൽ നിലവിലെ ആവാസവ്യവസ്ഥക്ക് ഭീഷണിയാക്കുന്നതരത്തിൽ ആകരുത് എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ഇവർ വ്യക്തമാക്കുന്നു. തെക്കേനടയിൽ നിന്നും കെ.എസ് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമാണ് പരാതിക്കടിസ്ഥാനമായ ഭൂപ്രദേശം.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top