കൂടൽമാണിക്യം തെക്കേകുളം കല്പടവുകളിൽ കാടുകയറി, കുളക്കടവുകൾ ലഹരി മാഫിയയുടെ കേന്ദ്രങ്ങളായി മാറുന്നു

കൂടൽമാണിക്യം ക്ഷേത്ര തെക്കേകുളത്തിന്‍റെ പടവുകൾ കാടുകയറി നശിക്കുന്നു. ലഹരി മാഫിയയുടെ പ്രധാന വിതരണ ഹബ്ബായി ഈ മേഖല മാറിയിരിക്കുകയാണിപ്പോൾ
watch news video below

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര തെക്കേകുളത്തിന്‍റെ പടവുകൾ കാടുകയറി നശിക്കുന്നു. ലഹരി മാഫിയയുടെ പ്രധാന വിതരണ ഹബ്ബായി ഈ മേഖല മാറിയിരിക്കുകയാണിപ്പോൾ. തെക്കേകുളത്തിന്‍റെ പന്ത്രണ്ട് പടവുകളിൽ നാലു പടവുകൾ ഒഴിച്ച് ബാക്കിയെല്ലാം കാടുകയറി ഉപയോഗശൂന്യമാണ്‌. ഈ ഭാഗങ്ങളാണ് ലഹരി ഉപയോഗത്തിനായി ഇപ്പോൾ പലരും ദുരുപയോഗം ചെയ്യുന്നത്. ചോദ്യം ചെയ്താൽ ഭീഷണിയാണ് മറുപടി.

2013 ൽ അന്നത്തെ ഭരണസമിതി അൻപത് ലക്ഷം മുടക്കി പുനർനിർമ്മിച്ച കടവാണിത്. പതിവായി പൊതുജനങ്ങളും ഭക്തരും ഉപയോഗിച്ചു പോരുകയായിരുന്നു . എന്നാൽ കോവിഡിന്‍റെ ആരംഭകാലത്തെ നിയന്ത്രണങ്ങളെ തുടർന്ന് ഒരു വർഷത്തിലധികം തെക്കേകുളം ദേവസ്വം അടച്ചിട്ടു. ഇതേത്തുടർന്നാണ് കടവുകളിൽ ആദ്യം പുല്ലു കയറുകയും പിന്നീട്‌ അത് ചെറുകുറ്റിക്കാടായി മാറുകയും ചെയ്തത്.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തെക്കേ കുളത്തിന്‍റെ അടച്ചിട്ട 12 കടവുകളുടെയും താൽകാലിക വാതലുകൾ തുറന്നു, പക്ഷെ കടവുകൾ വൃത്തിയാകാൻ മിനക്കെട്ടില്ല. അതേത്തുടർന്ന് ഭൂരിപക്ഷം കടവുകളും ഉപയോഗശോന്യമായി മാറുകയായിരുന്നു. പിന്നീടങ്ങോട്ട് കടവുകളിൽ മാസങ്ങൾ കൊണ്ട് രൂപപ്പെട്ട കുറ്റികാടുകളിൽ ചെറു മരങ്ങൾ പോലും വളർന്നനിലയിലാണിപ്പോൾ.

അതിനാൽ തന്നെ ചെറിയ ശ്രമദാനങ്ങൾ കൊണ്ട് വൃത്തിയാകാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ കുളക്കടവുകൾ. വേരുകൾ വലുതായി പടവുകളിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

കൂടൽമാണിക്യം ഭരണസമതി തെക്കേകുളത്തെ അവഗണിക്കുകയാണ് എന്ന് വാർഡ് കൗൺസിലർ കൂടിയായ സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. തെക്കേകുളത്തിന്‍റെയും ഉണ്ണായിവാര്യർ കലാനിലയത്തിന്‍റെയും ഇടയിലൂടെയുള്ള വഴി 2010 കാലഘട്ടത്തിൽ എങ്ങൂർ രാജൻ എന്ന വ്യക്തിയുടെ സഹായത്താൽ 1 ലക്ഷം രൂപ ചിലവിൽ താൻ കൗൺസിലർ ആയിരിക്കുമ്പോൾ കോൺക്രീറ്റ് ചെയ്തു നടവഴിയായി ഉപയോഗിച്ച് വരുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ വഴി തീർത്തും കാടുപിടിച്ചു കിടക്കുകയാണ്. മറ്റു നിർമാണങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന ദേവസ്വം, തെക്കേ കുളത്തിന്‍റെ കാര്യത്തിലുള്ള നിസ്സംഗത മാറ്റണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു.

മണ്ഡലകാലം ആരംഭിച്ചതോടെ കൂടുതൽ ഭക്തജനങ്ങൾ തെക്കേകുളത്തിൽ എത്തുന്നുണ്ട്. കൂടാതെ ക്ഷേത്രത്തിന്‍റെ മുൻവശത്ത് ഇപ്പോൾ അയ്യപ്പഭക്തർക്കായി ഒരു താൽകാലിക ഇടത്താവളവും നിർമിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന ഭക്തർ തെക്കേകുളമാണ് ആശ്രയിക്കുന്നത്. കാടുപിടിച്ചു കിടക്കുന്ന കൽപ്പടവുകൾ പലവിധത്തിലുള്ള അപകടങ്ങൾ ക്ഷണിച്ചു വരുത്തുവാൻ സാധ്യത ഉണ്ട്. കൂടാതെ രാത്രി പകൽ വ്യതാസമില്ലാതെ കാടുപിടിച്ചു കിടക്കുന്ന തെക്കേ കുളത്തിന്‍റെ കൽപടവുകളുടെ മറവിൽ ലഹരി ഉപയോഗവും വിതരണവും സജീവവുമാണ്. സമീപത്തെ കാടുപിടിച്ചു കിടക്കുന്ന കർമവേദി കെട്ടിടം ഉൾപ്പടെ ഇത്തരം ഒരു അവാസവ്യവസ്ഥ ഇവിടെ സൃഷിടിച്ചിട്ടുണ്ട്.

കൂടൽമാണിക്യം ദേവസ്വത്തിന്‍റെ അടിയന്തര ശ്രദ്ധ ലഭിക്കേണ്ട വിഷയമാണിത്. എത്രെയും വേഗം തെക്കേകുളത്തിലെ മുഴുവൻ കല്പടവുകളും കാടു വെട്ടിത്തെളിച്ചു വൃത്തിയാക്കുന്നതോടൊപ്പം, ഈ മേഖലയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും , കല്പടവുകൾക്ക് വാതിലുകൾ നിർമ്മിക്കുകയും വേണം. ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ ഈ മേഖലകളിൽ പെട്രോളിംഗ് ശക്തിപ്പെടുത്തുകയും വേണം.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top