ഗ്രാമീണ വികസനത്തിന്‌ പുതിയ ദിശാബോധം നൽകാൻ സഹകരണ മേഖലയ്ക്ക് കഴിയണം – പ്രൊഫ. സി രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട : ഗ്രാമീണ മേഖലയുടെ വികസനത്തിന്‌ നൂതന ആശയങ്ങൾ നടപ്പിലാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വായനശാലകളും സഹകരണ സ്ഥാപനങ്ങളും സഹകരിച്ചു കൊണ്ട് ഗ്രാമീണ വികസനത്തിന് ഊടും പാവും നെയ്യാൻ സഹകരണ മേഖല തയ്യാറെടുക്കണമെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അഭിപ്രായപെട്ടു.

നാടിന്‍റെ അടിസ്ഥാന ആവശ്യങ്ങൾ കണ്ടെത്താനും പുതിയ കാലഘട്ടത്തിന്‍റെ പുത്തൻ സാങ്കേതിക വിദ്യകൾ പ്രശ്ന പരിഹാരത്തിനായി ഉപയോഗപ്പെടുത്താനും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. സഹകരണ സ്ഥാപനങ്ങളുടെ വിപുലമായ സാമ്പത്തിക സാധ്യതകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വായനശാലകളുടേയുമൊക്കെ സജീവ സാന്നിധ്യവും സംയുക്തമായി ഈ മേഖലയിൽ ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ നാടിന്‍റെ വളർച്ച അതിദ്രുത ഗതിയിൽ കൈവരിക്കാനാവുമെന്നും അത് ലോകോത്തര നിലവാരത്തിലേക്ക് നമ്മുടെ നാടിനെ ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടാനുബന്ധിച്ച തൃശ്ശൂർ ജില്ലാ തല സെമിനാർ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ എം. ശബരീദാസൻ ആമുഖപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥി ആയിരുന്നു.

ഫാക്കൾട്ടി കില കൺസൾട്ടന്റ് കെ.രേണുകുമാർ നൂതനാശയങ്ങളെ സംബന്ധിച്ച് വിഷയാവതരണം നടത്തി. സംസ്ഥാന സഹകരണ യൂണിയൻ അംഗം ലളിത ചന്ദ്രശേഖരൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ ജോയ് ഫ്രാൻസിസ്, എൻ ആർ രാധാകൃഷ്ണൻ, സംഘടന ഭാരവാഹികളായ എ.എസ് അൻവർ, കെ. എസ് സുരേഷ് ബാബു, റോബിൻ തോമസ്, പ്രമോദ് പി. ആർ,ജോയിന്റ് ഡയറക്ടർ കെ. വി നാരായണൻ, ചാലക്കുടി അസിസ്റ്റന്റ് രജിസ്റ്റാർ ബ്ലിസൻ ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു. ശ്രീ കെ ഹരി മോഡേറേറ്റർ ആയിരുന്നു. സെമിനാർ കമ്മറ്റി ചെയർമാൻ കെ.സി ജെയിംസ് സ്വാഗതവും, അസിസ്റ്റന്റ് രജിസ്റ്റാർ വി. ബി ദേവരാജ് നന്ദിയും പറഞ്ഞു.

സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് രാവിലെ ടൗൺ ഹാൾ അങ്കണത്തിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top