പടിയൂർ സ്വദേശിനിയായ മാധ്യമപ്രവർത്തക നിവേദിത (26) ഹൈദരാബാദിൽ വാഹനപകടത്തിൽ മരണപെട്ടു

ഇരിങ്ങാലക്കുട : പടിയൂർ സ്വദേശിനിയായ മാധ്യമപ്രവർത്തക നിവേദിത (26) ഹൈദരാബാദിൽ വാഹനപകടത്തിൽ മരണപെട്ടു. പടിയൂര്‍ വിരുത്തിപ്പറമ്പില്‍ സൂരജിന്‍റെയും ബിന്ദുവിന്‍റെയും മകളാണ് നിവേദിത. അനുജൻ ശിവപ്രസാദ് ബിരുദ വിദ്യാര്‍ഥിയാണ്.

2021 മെയിലാണ് നിവേദിത ഇടിവി ഭാരതില്‍ കണ്ടന്‍റ് എഡിറ്ററായി ചേരുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയിലും ജോലി ചെയ്തിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതരയോടെ വീട്ടുവളപ്പില്‍ നടക്കും.

ശനിയാഴ്ച രാവിലെ ഹൈദരാബാദിന് സമീപം ഹയാത്ത് നഗര്‍ ഭാഗ്യലതയില്‍ നടന്ന കാറപകടത്തിലാണ് നിവേദിതയുടെ മരണം. രാവിലെ അഞ്ചിന് ഓഫിസിലേക്ക് പോകാനായി താമസ സ്ഥലത്തു നിന്നും റോഡ് മുറിച്ചു കടക്കവേ എല്‍ബി നഗര്‍ ഭാഗത്തു നിന്നും ഹയാത്ത് നഗറിലേക്ക് പോവുകയായിരുന്ന കാര്‍ നിവേദിതയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മഹാരാഷ്‌ട്ര സ്വദേശിനിയും ഇടിവി ഭാരത് ഉത്തര്‍പ്രദേശ് ഡെസ്കിലെ കണ്ടന്‍റ് എഡിറ്ററുമായ സോനാലി ചാവേരിയെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിവേദിത സൂരജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.

സോനാലി അത്യാഹിത വിഭാഗത്തിലാണ്. അപകടം നടന്ന ഉടൻ കാറിന്‍റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് എതിര്‍ ദിശയിലേക്ക് തെന്നിമാറി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹയാത്ത് നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top