പൊറത്തുച്ചിറ കെട്ടിയില്ല- നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം

മാപ്രാണം : പൊറത്തിശ്ശേരി സംയുക്ത പാടശേഖരത്തിലെ പൊറത്തൂച്ചിറ കെട്ടുന്നതിന് ഇരിങ്ങാലക്കുട നഗരസഭ അനാസ്ഥ വെടിഞ്ഞ് സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകസംഘം നേതൃത്വത്തിൽ കർഷകരെ അണിനിരത്തി ചിറകെട്ടുമെന്ന് ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ.

വിരിപ്പ് കൃഷി കൊയ്തുകഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഇതുവരെയും ചിറകെട്ടുന്നതിന് നഗരസഭ അധികാരികൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകസംഘം പൊറത്തിശ്ശേരി മേഖലാകമ്മിറ്റി കർഷകരെയും,പ്രദേശവാസികളെയും അണിനിരത്തി പാറക്കാട് പൊറത്തൂച്ചിറക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലാ പ്രസിഡണ്ട് എം.നിഷാദ് അദ്ധ്യക്ഷനായി.

നഗരസഭയിലെ 32,33,35,36,37,39 എന്നീ വാർഡുകളിലെ വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, കല്ലടത്താഴം പാടശേഖരത്തിലെ പുഞ്ചകൃഷിക്ക് ജലസേചനം ഉറപ്പുവരുത്തുന്നതിനുമാണ് പൊറത്തൂച്ചിറ കെട്ടിവരുന്നത്. മുൻകാലങ്ങളിൽ കന്നി 10 ന് ചിറകെട്ടുകയും, മകരം 10 ന് ചിറ തുറക്കുകയുമാണ് ചെയ്തുവന്നിരുന്നത്. എന്നാൽ കാലാവസ്ഥയിൽ വന്ന മാറ്റത്തെ തുടർന്ന് ഒക്ടോബർ അവസാനത്തിൽ ചിറകെട്ടി വിഷുവിന് മുമ്പ് ചിറ തുറക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. പൊറത്തിശ്ശേരി പഞ്ചായത്തായിരുന്ന ഘട്ടത്തിൽ യഥാസമയം ചിറകെട്ടിയിരുന്നു. പഞ്ചായത്ത് നഗരസഭയിൽ ചേർത്തതിന് ശേഷം ഇക്കാര്യത്തിൽ നിരന്തരം പരാതിയുയരുകയാണ്. തുലാവർഷം കനിഞ്ഞില്ലെങ്കിൽ ചിറകെട്ടിയാലും ജലലഭ്യത ഉറപ്പാക്കാനാവാത്ത സ്ഥിതിയാണുള്ളത്.

രാഷ്ട്രീയ വിരോധമാണ് ചിറകെട്ടുന്നതിൽ അലംഭാവം കാണിക്കുന്നതെന്ന് സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച കർഷകസംഘം ഏരിയാ പ്രസിഡണ്ട് ടി.എസ്. സജീവൻ മാസ്റ്റർ പറഞ്ഞു. ഏരിയാ ട്രഷറർ എം.ബി.രാജുമാസ്റ്റർ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, വാർഡ് കൗൺസിലർ സതി സുബ്രമണ്യൻ, കർഷക തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡണ്ട് ആലുങ്ങൽ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ലേഖ ഷാജൻ സ്വാഗതവും, ഐ.ആർ. ബൈജു നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top