കഥകൾ ജീവിതത്തോട് ചേർത്തു വെച്ച കണ്ണാടികളാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

കഥോത്സവത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കതിർത്തിയിലെ 21 വായനശാലകൾ വഴി മാർച്ച് മാസത്തിനകം 210 വീട്ടുമുറ്റ കഥാസദസ്സുകൾ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : ജീവിതത്തോട് ചേർത്തു വെച്ച കണ്ണാടികളാണ് കഥകളെന്നും അവയിലൂടെ നോക്കിയാൽ നാം നമ്മെ തന്നെയാണ് കാണുകയെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ‘പ്രപഞ്ചത്തിലേക്കും ജീവിതത്തിലേക്കുമുള്ള സൂക്ഷ്മനിരീക്ഷണങ്ങളാണ് കഥകൾ . ഓരോ കഥയും അനുവാചകരിൽ സൃഷ്ടിക്കുന്ന ജീവിതാവബോധം അവരെ സംസ്കൃത ചിത്തരായി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്’. അവർ തുടർന്ന് പറഞ്ഞു.. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന ‘കഥോത്സവം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് സ്കൂൾ വിദ്യാർത്ഥിനിയായിരിക്കേ താൻ എഴുതി സംസ്ഥാന തല മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ഭൂതം, ഭാവി, വർത്തമാനം’ എന്ന കഥ വായിച്ചു കൊണ്ടാണ് മന്ത്രി കഥോത്സവത്തിന്റെ ഉദ്ഘാടനം നാർവ്വഹിച്ചത് .ഇത് വായനശാല പ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സദസ്സിന് ഏറെ കൗതുകമുണർത്തുന്ന അനുഭവമായി..

നടവരമ്പ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കഥാകൃത്തും പത്രപ്രവർത്തകനുമായ എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തി. കഥാകൃത്ത് യു.കെ. സുരേഷ് കുമാർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് അമ്മനത്ത് , രമ രാഘവൻ ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശശികുമാർ ഇടപ്പുഴ . രാജേഷ് അശോകൻ . രഞ്ജിനി ടീച്ചർ , ബിനോയ് കെ.ബി.,ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ സ്വാഗതവും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനിൽകുമാർ നന്ദിയും പറഞ്ഞു.

രമാ രാഘവൻ ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന ‘മക്കൾക്കായ്’ എന്ന ഏക പാത്ര നാടകം അവതരിപ്പിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്കതിർത്തിയിലെ 21 വായനശാലകൾ വഴിയാണ് കഥോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വായനശാലയ്ക്കും എഴുപതോളം കഥാ പുസ്തകങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. മാർച്ച് മാസത്തിനകം 210 വീട്ടുമുറ്റ കഥാസദസ്സുകൾ സംഘടിപ്പിക്കും. ബ്ലോക്ക് തലത്തിലും വായനശാലകളിലും ഒട്ടേറെ കഥാനുബന്ധ പരിപാടികളും അരങ്ങേറും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top