ഒക്‌ടോബര്‍ 2 ഞായര്‍ പ്രവൃത്തിദിനമാക്കിയത് പിന്‍വലിക്കണം : ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : ഒക്‌ടോബര്‍ രണ്ട് ഞായര്‍ പ്രവൃത്തിദിനമാക്കിയ മന്ത്രിസഭാ തീരുമാനത്തില്‍ ഇരിങ്ങാലക്കുട രൂപത ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകാലമായി വിവിധ ന്യായങ്ങള്‍ ഉന്നയിച്ചു ഞായറാഴ്ചകളെ ഔദ്യോഗിക പരിപാടികള്‍ക്കുള്ള പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഈ തീരുമാനവും.

ക്രൈസ്തവര്‍ ലോകമെമ്പാടും ആരാധനയ്ക്കും മറ്റു മതകര്‍മങ്ങള്‍ക്കുമായി പ്രത്യേകം ആചരിക്കുന്ന ഞായറാഴ്ചകളെ പ്രവൃത്തിദിനമാക്കുന്ന ആവര്‍ത്തിച്ചുള്ള പ്രവണത അംഗീകരിക്കാനാവില്ല.

ഇക്കഴിഞ്ഞ ജൂലൈ 3 ഞായറാഴ്ച, ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കാനുള്ള ദിനമാക്കി പ്രഖ്യാപിച്ചത് അനേകം ക്രൈസ്തവ വിശ്വാസികളുടെ ഞായറാഴ്ച ആചരണത്തെ മുടക്കാനുള്ള ശ്രമമായിരുന്നു. വര്‍ഷങ്ങളായി രണ്ടാം ശനിയാഴ്ചകളില്‍ നടത്താറുള്ള ആലപ്പുഴയിലെ പ്രശസ്തമായ വള്ളംകളി നടത്തിയതും ഞായറാഴ്ച.

അധ്യാപക പരിശീലനം, മല്‍സരപ്പരീക്ഷകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍ ഇപ്പോള്‍ ഞായറാഴ്ചകളിലാണ് സമയം കണ്ടെത്തുന്നത്. ഇത്തരം പരിപാടികള്‍ക്ക് ക്രൈസ്തവ സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതിലൂടെ ഞായറാഴ്ച അവിടെ നടത്തേണ്ട വിശ്വാസപരിശീലന പരിപാടികളും തടസ്സപ്പെടുന്നു.

വിശ്വാസി സമൂഹത്തെ മുറിപ്പെടുത്തുന്ന ഇത്തരം നടപടി മതേതരത്വത്തില്‍ വിശ്വസിക്കുന്നുവെന്നു അവകാശപ്പെടുന്ന ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും ഒക്‌ടോബര്‍ രണ്ട് ഞായര്‍ പ്രവൃത്തിദിനമാക്കിയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും രൂപത പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top