ഹർത്താൽ ഇരിങ്ങാലക്കുടയിൽ സമാധാനപരം, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി, കെ.എസ്.ആർ.ടി.സി ചുരുക്കം സർവീസുകൾ നടത്തി, എന്നാൽ പോലീസിന്‍റെ സജീവ സാന്നിധ്യം കുറവ്

ഇരിങ്ങാലക്കുട : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ ഇരിങ്ങാലക്കുടയിൽ സമാധാനപരം. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി, കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. നഗരത്തിലെ ചില പച്ചക്കറികടകൾ മാത്രം രാവിലെ തുറന്നു. കെ.എസ്.ആർ.ടി.സി ചുരുക്കം സർവീസുകൾ നടത്തി. സ്വകാര്യ ബസ്സുകൾ ഓടിയില്ല.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഹർത്താൽ ദിനത്തിലും നല്ല തിരക്ക് അനുഭവപെട്ടു, ഓ.പിയിലും ഫർമസിയിലും തിരക്കുണ്ടായിരുന്നു. സ്വകാര്യ വാഹനങ്ങളിലും, ഓട്ടോയിലുമാണ് പലരും ഇവിടെ എത്തിയത്. വഴിയിൽ തടസങ്ങൾ നേരിട്ടതായി ആരും പ്രതികരിച്ചില്ല.

കേന്ദ്ര ഗവൺമെൻറ് സ്ഥാപനങ്ങളായ ഇരിങ്ങാലക്കുടയിലെ ഹെഡ് പോസ്റ്റ് ഓഫീസ് പൂർണ്ണ ഹാജരിൽ തുറന്നു പ്രവർത്തിച്ചു. ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകളും തുറന്നിരുന്നു. എന്നാൽ ഠാണാവില്‍ ബി.എസ്.എൻ.എൽ ഓഫീസ് അടഞ്ഞു കിടന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നട ബ്രാഞ്ചിൽ ഹർത്താൽ അനുകൂലികൾ എത്തി അടക്കാൻ ആവശ്യപ്പെട്ടു. മെയിൻ റോഡിലെ ശാഖാ പൂർണതോതിൽ പ്രവർത്തിച്ചു. മറ്റു പല പൊതുമേഖലാ സ്വകാര്യാ ബാങ്കുകളും അടഞ്ഞു കിടന്നു. സഹകരണ മേഖലയിലെ സ്ഥാപനങ്ങളും, ബാങ്കുകളും തുറന്നില്ല. ഉച്ചവരെ തുറന്നു പ്രവർത്തിച്ച ടൌൺ ഹാൾ റോഡിലെ റിലൈൻസ് സൂപ്പർ മാർക്കറ്റ് ഹർത്താൽ അനുകൂലികൾ എത്തി അടപ്പിച്ചു.

എന്നാൽ രാവിലെ മുതൽ ഇരിങ്ങാലക്കുടയിൽ പ്രധാന സ്ഥലങ്ങളിൽ പോലീസിന്‍റെ സാനിധ്യം കുറവായിരുന്നു. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ പോലും ഡ്യൂട്ടിക്ക് ഒറ്റ പൊലിസുകാരൻ പോലും രാവിലെ ഉണ്ടായിരുന്നില്ല. ഠാണാവില്‍ രണ്ടു പോലിസുകാർ സിഗ്നൽന് സമീപം ഉണ്ടായിരുന്നു. ഇതൊഴിച്ചാൽ മറ്റെവിടെയും പോലീസിന്‍റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നില്ല.

സമീപ പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലയിൽ കടകൾ തുറന്നു. ഓട്ടോറിക്ഷകൾ അടക്കം സ്വകാര്യ വാഹനങ്ങളും ഇവിടങ്ങളിൽ നിരത്തിൽ ഇറങ്ങിയിരുന്നു. കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രികർക്ക് സ്വകാര്യ വാഹങ്ങളും ഓട്ടോറിക്ഷയും തുണയായി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top