ഇടിഞ്ഞുവീണ കുട്ടൻകുളം മതിൽ പുനർനിർമ്മാണം വൈകുന്നു, ബാരികേടുകളും എടുത്തുമാറ്റി – ഇതുവഴിയുള്ള യാത്ര അത്യന്തം അപകടകരം

ഇരിങ്ങാലക്കുട : ക്ഷേത്രത്തിനു മോടികൂട്ടുന്ന താല്പര്യം എന്തുകൊണ്ട് അപകടാവസ്ഥ പകൽപോലെ വ്യക്തമായിട്ടുപോലും കൂടൽമാണിക്യം കുട്ടൻകുളം മതിൽ പുനർ നിർമാണത്തിൽ ദേവസ്വം അധികൃതർ കാണിക്കുന്നില്ല എന്ന ന്യായമായ ചോദ്യത്തിന് പ്രസക്തിയേറുന്ന തരത്തിൽ പുതിയ സംഭവവികാസങ്ങൾ.

ഒരു വർഷത്തിലധികമായി ഇടിഞ്ഞു വീണു കിടക്കുന്ന കുട്ടൻകുളം മതിൽ പുനർനിർമ്മാണം വൈകുന്നതോടൊപ്പം അപകട സൂചനകൾ നൽകുന്ന ബോർഡുകളും ബാരികേടുകളും എടുത്തുമാറ്റിയ സ്ഥിതിയിൽ. ഇപ്പോൾ ഇതുവഴിയുള്ള യാത്ര അത്യന്തം അപകടകരമാകുന്ന രീതിയിൽ റോഡിനോട് ചേർന്ന് കുളത്തിലേക്ക് വീഴാതിരിക്കാൻ ഒരു സംരക്ഷണ വേലികെട്ടുപോലുമില്ല.

കൊടുങ്ങല്ലൂർ- ഷൊർണൂർ സംസ്ഥാന പാതയുടെ പുനർനിർമ്മാണം ആരംഭിച്ചതോടെ ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം കഴിഞ്ഞദിവസം മുതൽ നിലവിൽ വന്നതിനുശേഷം, ഇടിഞ്ഞു വീണു കിടക്കുന്ന കുട്ടൻകുളം മതിലിനരികിലൂടെയുള്ള വഴിയിലൂടെയാണ് പല വാഹനങ്ങളും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്രാവഴിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇത് ഈവഴി ഗതാഗതം കൂട്ടുന്നതും, അപരിചിതർ ബാരികേടുകൾ ഇല്ലാത്തതിനാൽ അപകടസാധ്യത മനസിലാകാതെ ഇടിഞ്ഞു വീണു കിടക്കുന്ന കുട്ടൻകുളം മതിലിനരികിലൂടെ ചേർന്ന് പോകാൻ സാധ്യത ഉണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തും.

ഏപ്രിൽ, മെയ് മാസങ്ങളിലെ ഉത്സവത്തിനും, അതിനു ശേഷം വന്ന ഒരു മാസത്തോളം നീണ്ടുനിന്ന നാലമ്പല സീസണ് ശേഷം നിവിലുണ്ടായിരുന്ന അപകട മുന്നറിയിപ്പ് ബോർഡുകളും, ബാരികേടുകളും എടുത്തുമാറ്റി.

കരാർ നൽകിയ സമയ കാലാവധി കഴിഞ്ഞതിനാൽ കരാറുകാർ ഇവ എടുത്ത് മാറ്റിയതാണെന്നു ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഇതുസംബന്ധിച്ച ചോദ്യത്തിന് ഇരിങ്ങാലക്കുട ലൈവിന് നൽകിയ മറുപടിയിൽ പറഞ്ഞു.

ഇടിഞ്ഞുവീണ മതിലിനു ചുറ്റും ബാരികേടുകളും മറ്റും വയ്ക്കാൻ ഭരിച്ച ചിലവാണെന്നതിലാണ് ഇത് വയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കുട്ടൻകുളം മതിൽ പുനർനിർമ്മാണം ദേവസ്വത്തിന്റെ മാത്രം ഇടപെടൽ കൊണ്ട് സാധ്യമാകാവുന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലം എം.എൽ.എ യുമായി ഇതുസംബന്ധിച്ച കാര്യങ്ങൾ പൂരാഗമിക്കുന്നുണ്ടെന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി.

എന്നാൽ മറ്റു കുളങ്ങളെപോലെതന്നെ ഉടമസ്ഥാവകാശം കൂടൽമാണിക്യം ദേവസ്വത്തിനാണെങ്കിലും കസ്റ്റോഡിയൻ ഇരിങ്ങാലക്കുട നഗരസഭയാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുൻപ് പറഞ്ഞിരുന്നു. മതിൽ പുനർ നിർമ്മാണത്തിന് കുളത്തിന്‍റെ അളവിൽ പോലും മാറ്റങ്ങൾ വരുത്തുവാൻ ഇപ്പോൾ നിർവാഹമില്ല. ലക്ഷങ്ങൾ ചെലവ് വരുന്ന നിർമാണത്തിനായി പല നയപരവും നിയമപരവുമായ കടമ്പകൾ കടകേണ്ടതായിട്ടുണ്ട് എന്ന ദേവസ്വം ഭരണസമിതിയുടെ നിലപാടിന് ഇപ്പോളും മാറ്റമില്ല.

അപകട സാധ്യതത നിലനിറുത്തി പുനർ നിർമാണം വൈകുമെന്ന് തന്നെയാണ് ഇതിൽനിന്നും ലഭിക്കുന്ന സൂചനകൾ. മതിൽ ഇടിഞ്ഞതുമുതൽ കുളത്തിന്‍റെ അരികുകൾ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. സമീപത്തെ റോഡിന്‍റെ സുരക്ഷയേയും ഇത് കാര്യമായി ബാധിക്കും. രാത്രികാലങ്ങളിൽ ഇതിലൂടെയുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തും.

ഇതെല്ലം മുൻനിറുത്തി എത്രെയും പെട്ടന്ന് ഇടിഞ്ഞു വീണു കിടക്കുന്ന കുട്ടൻകുളം മതിൽ പരിസരത്തു രാത്രിയിലും ദൃശ്യമാകുന്ന തരത്തിൽ അപകട സൂചനകൾ നല്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും, താല്കാലികമായിട്ടെങ്കിലും ബാരികേടുകൾ വീണ്ടും നിർമ്മിക്കുകയാണ് ദേവസ്വം അടിയന്തരമായി ചെയ്യണ്ടത്.

READ RELATED NEWS ….

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top