കെ.വി രാമനാഥൻ മാഷുടെ തൊണ്ണൂറാം പിറന്നാളിന് ഇരിങ്ങാലക്കുടയുടെ ആദരം

ഇരിങ്ങാലക്കുട : മലയാളത്തിലെ ശ്രദ്ധേയനായ ബാല സാഹിത്യകാരനായ കെ.വി. രാമനാഥൻ മാഷുടെ തൊണ്ണൂറാം പിറന്നാളിന് ഇരിങ്ങാലക്കുടയുടെ ആദരം. ഒരു കാലഘട്ടത്തിലെ കുട്ടികളുടെ സാഹിത്യാഭിരുചികളെ വളർത്തിയെടുത്ത പ്രമുഖ വ്യക്തിയാണ് കെ.വി. രാമനാഥൻ മാഷ് എന്ന് മന്ത്രി. ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. നവതി ആഘോഷിച്ച രാമനാഥൻ മാഷെ വീട്ടിലെത്തി ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥികളിൽ കലാ സാഹിത്യാഭിരുചി വളർത്തിയെടുക്കുന്നതിലും നമ്മുടെ നാടിന്റെ അഭിമാനമായ ജയചന്ദ്രനെ പോലെയുള്ള വലിയ ഗായകനെ പോലെയുള്ളവരേയും രൂപപ്പെടുത്തുന്നതിലും മാഷിന്റെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെ ഒരുപാട് കുട്ടികളുടെ മനസ്സിൽ പല തരത്തിലുള്ള വൈകാരികാനുഭൂതി ഉണ്ടാക്കിയ അത്ഭുതവാനരൻമാർ ഉൾപ്പെടെയുള്ള രചനകളുമാണ് മാഷിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാമനാഥൻമാഷുടെ രചനകൾ ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ് ആർക്കൈവ്സ് ഉപസമതി അംഗം കൂടിയായ കെ.വി. രാമനാഥൻ മാഷുടെ തൊണ്ണൂറാം പിറന്നാളിന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവസ് ഡയറക്ടർ ഡോ. കെ.രാജേന്ദ്രൻ, കൂടൽമാണിക്യം ദേവസ്വം ഭരണ സമിതി അംഗം അഡ്വ. കെ ജിഅജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top