ഇരിങ്ങാലക്കുട രൂപതയുടെ 45-ാം രൂപതാ ദിനത്തോടനുബന്ധിച്ചു കേരള സഭാനവീകരണത്തിന് രൂപതയില്‍ തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : രൂപത, ഇടവക, കുടുംബതലങ്ങളില്‍ ആധ്യാത്മിക നവീകരണത്തിനു ഒറ്റക്കെട്ടായി അണിനിരക്കുകയെന്ന ആഹ്വാനത്തോടെ ഇരിങ്ങാലക്കുട രൂപതയില്‍ ‘കേരളസഭാ നവീകരണ’ കാലഘട്ടത്തിനു തുടക്കം.

ഇരിങ്ങാലക്കുട രൂപതയുടെ 45-ാം രൂപതാദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.

സാര്‍വത്രിക സഭയില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച സിനഡാത്മകതയിലൂന്നി കേരള കത്തോലിക്കാ സഭയില്‍ ആരംഭിച്ചിട്ടുള്ള നവീകരണത്തിനാണ് ലോഗോ പ്രകാശനം ചെയ്ത് രൂപതാദിനത്തില്‍ തുടക്കം കുറിച്ചത്.

‘സഭ, ക്രിസ്തുവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം’ എന്നതാണ് നവീകരണത്തിന്റെ ആപ്തവാക്യം. രൂപതയിലെങ്ങും കൂട്ടായ്മയും പ്രേഷിതാഭിമുഖ്യവും വളര്‍ത്തി സമകാലിക സമൂഹത്തില്‍ ക്രിസ്തുവിന്റെ യഥാര്‍ഥ സാക്ഷികളാകുവാന്‍ സഭാംഗങ്ങളെ പ്രാപ്തരാക്കുകയാണ് നവീകരണത്തിന്റെ ലക്ഷ്യമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

ഇരിങ്ങാലക്കുട സ്പിരിച്വാലിറ്റി സെന്ററില്‍ നടന്ന സമൂഹബലിയോടെയായിരുന്നു രൂപതാദിന ആഘോഷങ്ങളുടെ തുടക്കം. രൂപതയിലെ വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രൂപതാദിന സമ്മേളനത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സുവര്‍ണ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന രൂപതയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് 45-ാം രൂപതാദിനമെന്നും 2050 ല്‍ രൂപതയിലെ ക്രൈസ്തവ ജീവിതം എങ്ങനെയായിരിക്കണമെന്ന സ്വപ്നം മനസ്സിലുയരേണ്ട നിര്‍ണായക ചരിത്ര മുഹൂര്‍ത്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

വൃക്കദാനം നടത്തിയ കനകമല തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശേരിയെ മാര്‍ പോളി കണ്ണൂക്കാടന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

വികാരി ജനറല്‍ മോണ്‍. ജോയ് പാലിയേക്കര ആമുഖ സന്ദേശം നല്‍കി. വികാരി ജനറല്‍മാരായ ജോസ് മാളിയേക്കല്‍, മോണ്‍. ജോസ് മഞ്ഞളി, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നവീകരണ സംരംഭങ്ങളുടെ രൂപതാതല കണ്‍വീനര്‍ ഫാ. നിക്‌സന്‍ ചാക്കോര്യ, സിഎംസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വിമല, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, രൂപതാ മാതൃസംഘം പ്രസിഡന്റ് ബേബി പൗലോസ്, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

Top