ഓണ സമ്മാനമായി സുബ്രഹ്മണ്യന് വീട് വൈദ്യുതീകരിച്ച് നൽകി കെ.എസ്.ഇ.ബി ജീവനക്കാർ

കരുവന്നൂർ : കരുവന്നൂർ ഇലക്ടിക്കൽ മേജർ സബ്ഡിവിഷൻ പരിധിയിലെ നിർദ്ധനനായ ആറാട്ടുപുഴ കരോട്ടുമുറി തുർപ്പുമഠത്തിൽ സുബ്രഹ്മണ്യന്റെ കൊച്ചു വീട്ടിലും വൈദ്യുതി വെളിച്ചമെത്തി.

പതിനഞ്ച് വർഷമായി തനിച്ച് താമസിക്കുന്ന സുബ്രഹ്മണ്യൻ വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. പണിയില്ലാത്തപ്പോൾ കരുവന്നൂർ പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് വിറ്റാണ് ഉപജീവനം കഴിക്കുന്നത്. തന്റെ വീട് വൈദ്യുതീകരിക്കാൻ മാർഗ്ഗമില്ലാത്ത ഇദ്ദേഹം മണ്ണെണ്ണ വിളക്കും, മെഴുകുതിരിയും തെളിയിച്ചാണ് ഇരുട്ടകറ്റിവന്നിരുന്നത്.

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പർ സരിതയിൽ നിന്നും ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ കേട്ടറിഞ്ഞ കരുവന്നൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാർ ചേർന്ന് വീട് സൗജന്യമായി വീട് വയറിംഗ് ചെയ്ത് നൽകി വൈദ്യുതി കണക്ഷന് വേണ്ട നടപടികൾ സ്വീകരിച്ചു. അങ്ങിനെ സുബ്രഹ്മണ്യന്റെ വീട്ടിൽ ഇക്കുറി ഓണത്തിന് പ്രകാശത്തിന്റെ പൂക്കളമൊരുക്കി.

കെ.എസ്.ഇ.ബി കരുവന്നൂർ സബ്ബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.എസ്. സാബു സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. അസി. എഞ്ചിനീയർ എ.വി. ജയന്തി, സബ് എഞ്ചിനീയർമാരായ എം.ഡി. ജോബി, കവിരാജ്, കെ.പി.ശ്രുതി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്തംഗം വിശ്വനാഥൻ, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പർ സരിത വിശ്വനാഥൻ, കെ.എസ്.ഇ.ബി കരുവന്നൂർ സെക്ഷനിലെ ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top