
ഇരിങ്ങാലക്കുട : സാഹിത്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സാഹിത്യോത്സവമാണ് വർണ്ണക്കുടയിൽ സെപ്റ്റംബർ 1 നു വിഭാവനം ചെയ്തിട്ടുള്ളത്. രാവിലെ 10 മണിക്ക് മുഖ്യ വേദിയായ അയ്യങ്കാവ് മൈതാനത്ത് സാഹിത്യോത്സവവും, ഒരു മണിക്ക് മുനിസിപ്പൽ ടൗൺ ഹാളിലെ വേദിയിൽ ഭിന്നശേഷി കലോത്സവവും അരങ്ങേറും.
രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ. കെ. സച്ചിദാനന്ദൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. “എൻ്റെ എഴുത്ത്, എൻ്റെ ഇരിങ്ങാലക്കുട“ എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന ഉദ്ഘാടന സെഷനിൽ പ്രൊഫ. സച്ചിദാനന്ദൻ, അശോകൻ ചരുവിൽ, ഖദീജ മുംതാസ് , കെ. രേഖ, രോഷ്നി സ്വപ്ന, കവിതാ ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ഉച്ച തിരിഞ്ഞ് 3 ന് “ഓരങ്ങളിൽ നിന്ന് കേന്ദ്രത്തിലേക്ക്: കീഴാള സർഗ്ഗാത്മകതയുടെ രാഷ്ട്രീയം” എന്ന വിഷയത്തിൽ ബിലു സി.നാരായണൻ പ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് “സാഹിത്യത്തിലെ ബഹുസ്വരതകൾ”എന്ന വിഷയത്തിൽ സുനിൽ പി ഇളയിടത്തിൻറെ പ്രഭാഷണം ഉണ്ടായിരിക്കും.
6 മണിക്കു നടക്കുന്ന കവിയരങ്ങിൽ മലയാളത്തിലെ പ്രമുഖ കവികളായ ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, രാവുണ്ണി, അൻവർ അലി, റഫീക്ക് അഹമ്മദ്, പി. എൻ. ഗോപീകൃഷ്ണൻ, വീരാൻകുട്ടി, കെ. ആർ. ടോണി, സെബാസ്റ്റ്യൻ, ശ്രീലതാ വർമ്മ, ബിലു സി. നാരായണൻ , രോഷ്നി സ്വപ്ന, കലാ സജീവൻ തുടങ്ങിയവർ പങ്കെടുക്കും.