

ഇരിങ്ങാലക്കുട : തൊടിയിലും പറമ്പിലും വീണ്ടുമിറങ്ങുവാൻ ഒരു പൂക്കാലം കൂടി വന്നെത്തിയതിന്റെ ആരവമായിരുന്നു സെന്റ്. ജോസഫ്സിൽ. തെങ്ങിലും പുല്ലിലും പൂമ്പാറ്റച്ചിറകിനു താഴെയും പൂക്കൾ തേടി, കൈ നിറയെ പൂക്കളുമായി കലാലയത്തിലെ എഴുത്തുതോട്ടത്തിലെ മരച്ചുവടുകളിലേക്കു ഓടിയെത്തുകയായിരുന്നു കുട്ടികൾ.
മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും എന്നു വേണ്ടാ, പാട്ടിലും കവിതയിലും മാത്രം പരിചയപ്പെട്ടിരുന്ന മേന്തോന്നിയും കണ്ണാന്തളിയുമെല്ലാം എഴുത്തു തോട്ടത്തിലെ കൗതുകങ്ങളായി. കൊറോണ കവർന്നെടുത്ത ഒത്തൊരുമക്കാലത്തിന്റെ പ്രൗഢിയും പ്രതാപവും വീണ്ടും കാമ്പസിൽ തിരിച്ചെത്തിയ നേരങ്ങൾ.
2003 മുതൽക്ക് കാമ്പസിൽ നടക്കുന്ന നാട്ടുപൂ ശേഖരണ മത്സരവും പ്രദർശനവുമാണ് ‘പൂവുകൾക്ക് പുണ്യകാലം ‘ . നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും കാമ്പസിൽ നിറങ്ങൾ പൂക്കുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും.
കോളേജിന്റെ സ്ക്രിപ്റ്റ് ഗാർഡനിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ. സി. എലൈസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സി. ബ്ലെസി, മലയാളം വകുപ്പദ്ധ്യക്ഷ ലിറ്റി ചാക്കോ, ഡോ. ജെൻസി, ദേവാംഗന തുടങ്ങിയവർ സംസാരിച്ചു.
വൈവിധ്യമാർന്ന നാനൂറോളം നാട്ടുപൂക്കളുടെ ശേഖരണവും പ്രദർശനവും ഉണ്ടായിരുന്നു. ഓണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖത്തെഴുത്ത് മത്സരവുംഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.