സുപ്രീം കോടതി റിട്ട. ജഡ്ജി ഇന്ദുമൽഹോത്രയുടെ നിരുത്തരവാദപരമായ പ്രസ്താവന ഭക്തജനസമൂഹം തള്ളിക്കളയും: കൂടൽമാണിക്യം ദേവസ്വം ഭരണകമ്മിറ്റി

ഇരിങ്ങാലക്കുട : സുപ്രീം കോടതി റിട്ട. ജഡ്ജി ഇന്ദു മൽഹോത്ര , ക്ഷേത്രഭരണത്തെ കുറിച്ച് നടത്തിയതും പ്രചരിക്കുന്നതുമായ പ്രസ്താവന അബദ്ധവും അടിസ്ഥാനരഹിതവും തള്ളിക്കളയേണ്ടതുമാണെന്ന് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി യോഗം അഭിപ്രായപ്പെട്ടു.

കമ്യൂണിസ്റ്റ് സർക്കാരുകൾ എല്ലായിടത്തും ഹിന്ദുക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്ന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ഇന്ദുമൽഹോത്ര പറയുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ശബരിമല സ്ത്രീപ്രവേശനം, പദ്‌മനാഭസ്വാമിക്ഷേത്രഭരണം എന്നീ വിഷയങ്ങളിൽ വിധിപറഞ്ഞത് ഇന്ദുമൽഹോത്രയാണ്.

കേരളത്തിൽ വരുമാനമുള്ളതും സ്വയം പര്യാപ്തതയുള്ളതുമായ ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്ന് നയാപൈസ പോലും സർക്കാർ ഖജനാവിലേക്ക് പോകുന്നില്ല. നേരെ മറിച്ച് ക്ഷേത്രങ്ങളുടെ ക്ഷേമത്തിന് വർഷംതോറും കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്. ഇതു സംബന്ധിച്ച് ദേവസ്വത്തിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാവുന്നതുമാണ് എന്ന് കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

അന്യാധീനപ്പെട്ടതും ക്ഷേത്രത്തിന് അർഹതപ്പെട്ടതുമായ ഭൂമിയുൾപ്പടെ തിരിച്ച് പിടിച്ച് വരുമാനം തീരെയില്ലാതെ നിത്യനിദാനത്തിന് പോലും വഴിയില്ലാത്ത ആയിരക്കണക്കിന് ക്ഷേത്രങ്ങൾക്ക് താങ്ങും തണലും ആയി വർത്തിക്കുന്ന ദേവസ്വം ബോർഡുകളെ നിന്ദിക്കും വിധം ഉളള പ്രസ്താവന പിൻവലിക്കണം.

ജഡ്ജിമാരുടെ രാഷ്ട്രീയചായ് വും എതിർപ്പും വിധിന്യായത്തിലോ പൊതുപ്രസ്താവനകളിലോ പ്രതിഫലിക്കുന്നത് നീതിന്യായവ്യവസ്ഥയുടെ നിലനില്പിനെ തന്നെ ബാധിക്കുന്നതാണ്

കമ്മ്യൂണിസ്റ്റ് കാരായ ഭക്തർ നേതൃത്വം നൽകുന്ന ദേവസ്വം ഭരണസമിതികളിലെ അംഗങ്ങൾ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് കൂടൽമാണിക്യം ദേവസ്വത്തിൽ പ്രവർത്തിക്കുന്നതെന്നും ഭരണസമിതി പ്രസ്താവനയിൽ വ്യക്തമാക്കി.

കാര്യങ്ങൾ പഠിക്കാതെയും മനസ്സിലാക്കാതെയും നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്ന ബഹുമാനപ്പെട്ട വിരമിച്ച ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സത്യാവസ്ഥയറിയാവുന്ന ഭക്തജനസമൂഹം തള്ളിക്കളയും എന്ന് ഭരണസമിതി വിലയിരുത്തിയാതായി ദേവസ്വം ചെയർമാൻ യു പ്രദീപ് യു മേനോൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave a comment

Top