വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ശിലാസ്ഥാപനം 18 ന്

ഇരിങ്ങാലക്കുട : കേരള കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവർത്തന മേഖലയാക്കി രൂപീകരിച്ച ‘വാൻഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി’യുടെ ഫാക്ടറി കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കർമ്മം ആഗസ്റ്റ് 18 വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. കേരള കർഷകസംഘം ജില്ലാ സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരിക്കും.

കമ്പനിയുടെ നടവരമ്പ് കല്ലംകുന്നിലുള്ള 90 സെൻറ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള കർഷകരുല്പാദിപ്പിക്കുന്ന കാർഷിവിളകൾ ന്യായവിലക്ക് ശേഖരിച്ച് മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി സ്വദേശത്തും, വിദേശത്തും വിപണനം ചെയ്യുകയും, അതുവഴി കർഷകർക്കും, ഓഹരിയുടമകൾക്കും മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചെയർമാൻ ടി.എസ്. സജീവൻ പറഞ്ഞു.

കർഷകരും, അഭ്യുദയകാംക്ഷികളും ചേർന്ന് 5000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിച്ച് ഓഹരിയുടമകളായാണ് കമ്പനി മൂലധനം സ്വരൂപിക്കുന്നത്. ഏറ്റവും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമാക്കി ഗുണമേന്മയുള്ള വൈവിധ്യമാർന്ന ഉല്പന്നങ്ങൾ ഭാവിയിൽ വികേന്ദ്രീകൃതമായി ഉല്പാദിപ്പിക്കുവാനും, അതുവഴി നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ തോമസ്സ് കോലംകണ്ണി പറഞ്ഞു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർമാരായ എം.ബി.രാജു, എം.അനിൽകുമാർ, അജിത പീതാംബരൻ, കമ്പനി സെക്രട്ടറി ഋത്വിൻ ബാബു എന്നിവരും പങ്കെടുത്തു.

Leave a comment

Top