തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലില്‍ നിന്നും ഇരിങ്ങാലക്കുടക്കാര്‍ക്ക് അനുവദിക്കുന്നത് 1090 പട്ടയങ്ങള്‍

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലില്‍ നിന്നും മുകുന്ദപുരം താലൂക്കിലെ 1090 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്. ഇരിങ്ങാലക്കുടയില്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തിക്കുമ്പോഴാണ് മുകുന്ദപുരം താലൂക്കിലുള്ളവര്‍ക്ക് തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലില്‍ നിന്നും പട്ടയം അനുവദിക്കേണ്ടിവരുന്നത്.

2019 ഡിസംബര്‍ മാസം ഇരിങ്ങാലക്കുടയില്‍ ലാന്റ് ട്രിബ്യൂണല്‍ അനുവദിക്കപ്പെട്ടെങ്കിലും പ്രവര്‍ത്തനപരിധിയില്‍ മുകുന്ദപുരം താലൂക്ക് പ്രദേശം ഉള്‍പ്പെടുത്താതെ പോയതാണ് മുകുന്ദപുരം താലൂക്കിലെ പട്ടയ അപേക്ഷകര്‍ക്ക് വിനയായത്.

ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ലാന്റ് ട്രിബ്യൂണലില്‍ അപേക്ഷ സമര്‍പ്പിക്കാനാകാതെ മുകുന്ദപുരത്തുള്ളവര്‍ തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലിനെയാണ് ഇപ്പോഴും പട്ടയ ആവശ്യങ്ങള്‍ക്ക് ആശ്രയിച്ചു വരുന്നത്.

ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ ലാന്റ് ബോര്‍ഡിന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇരിങ്ങലാക്കുട എം.എല്‍.എയും ഉന്നത വിദ്യഭ്യാസമന്ത്രി യുമായ ആര്‍.ബിന്ദു, റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ എന്നിവരുടെ ഇടപെടലോടെ ആവശ്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.

ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനപരിധി നിശ്ചയിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ തിരുത്തല്‍ വരുത്തി മുകുന്ദപുരം താലൂക്ക് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഉടനെയുണ്ടാകുമെന്ന് അറിയുന്നു.

Leave a comment

Top