മരിച്ച ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ. ആർ ബിന്ദു എത്തി കുടുംബം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകി

മാപ്രാണം : മരിച്ച ഫിലോമിനയുടെ കുടുംബം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ തുകയും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വീട്ടിലെത്തി കൈമാറി. രണ്ട് ലക്ഷം രൂപ ക്യാഷയും, 21 ലക്ഷം രൂപ ചെക്കായും ആണ് ഫിലോമിനയുടെ ഭർത്താവിന് കൈമാറിയത്. ഇനി 64,000 രൂപ ബാങ്കിൽ സേവിങ്സ് ബാലൻസ് ഉണ്ട്.

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ ആയിട്ടുള്ളവർ ആരും തന്നെ പ്രയാസപ്പെടരുത് എന്ന് ഉദ്ദേശത്തോടെ തന്നെയാണ് സർക്കാർ കാര്യക്ഷമമായി ഈ വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ഒരു കൺസോർഷൻ രൂപീകരിക്കുന്നതിനായി സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് തന്നെ ചിലർ അതിനെതിരെ പരാതി കൊടുത്തതിനാലാണ് അത് മുടങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്തരിച്ച ഫിലോമിനയുടെ നിക്ഷേപം പൂർണമായും ശനിയാഴ്ച അവരുടെ വീട്ടിലെത്തി ബന്ധുക്കളെ ഏൽപ്പിക്കുമെന്ന് സഹകരണ മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിരുന്നു

ബാങ്കിലെ നിക്ഷേപകർക്ക് അത്യാവശ്യ സാഹചര്യങ്ങൾ വരുമ്പോൾ സഹായിക്കാനായി ബാങ്കിലെ ഉദ്യോഗസ്ഥരും സർക്കാരും ഒപ്പം ഉണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മുൻഗണന നൽകി പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനായി എല്ലാവരും ഒപ്പമുണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പണം കൊണ്ടുവന്നത് നല്ല കാര്യം തന്നെ എങ്കിലും പണം ആവശ്യമായ സമയത്തല്ല കിട്ടിയതെന്ന് നിലപാടിൽ മാറ്റമില്ലെന്ന് കുടുംബം മാധ്യമങ്ങളോട് ആവർത്തിച്ചു. മറ്റുള്ള നിക്ഷേപകർക്ക് ആർക്കും ഈ സ്ഥിതി വരരുതെന്നും കുടുംബം പറഞ്ഞു.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എം ശബരി ദാസൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ രവീന്ദ്രൻ ടി കെ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിനോദ് എം എം, അസിസ്റ്റന്റ് രജിസ്റ്റർ പ്ലാനിങ് സുരേഷ് സി, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്റ്റർ ദേവരാജ്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്റ്റർ ദേവരാജ്, സംഘം സെക്രട്ടറി ഇൻ ചാർജ് ശ്രീകല എന്നിവർ മന്ത്രിയെ അനുഗമിച്ചിരുന്നു.

കരുവന്നൂർ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം സഹകരണ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. കേരള ബാങ്കിൽ നിന്ന് 25 കോടിയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് 10 കോടിയും ആണ് നൽകുക..

കരുവന്നൂർ ബാങ്കിന്റെ കൈവശമുള്ള സ്വർണവും മറ്റു ബാധ്യതകൾ പെടാത്ത വസ്തുക്കളും ഈടായി സ്വീകരിച്ചാണ് കേരള ബാങ്ക് 25 കോടി നൽകുക

അന്തരിച്ച ഫിലോമിനക്ക് പണം നൽകാതിരുന്നത് രാഷ്ട്രീയപരമായി സർക്കാരിനും പ്രത്യേകിച്ച് സിപിഎമ്മിനും വലിയ വിമർശനങ്ങളാണ് സംസ്ഥാനതലത്തിലും പ്രാദേശിതലത്തിലും പഴിയായി കേൾക്കേണ്ടി വന്നിരുന്നത്.

പണം മന്ത്രിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി തിരികെ നൽകിയതിലൂടെ കരുവന്നൂർ ബാങ്കിലെ ആശങ്കയിൽ ആയ നിക്ഷേപകർക്ക് പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ കൂടെയുണ്ട് എന്ന് ഒരു സന്ദേശം നൽകാനായി എന്ന വലിയൊരു ആശ്വാസത്തിലാണ് പാർട്ടിയും സർക്കാരും.

Leave a comment

Top