കരുവന്നൂർ വിഷയത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാരും സി.പി.എമ്മും എടുക്കുന്നതെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. – ഫിലോമിനയുടെ വീട് സന്ദർശിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാരും പാർട്ടിയും എടുക്കുന്നതെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ കുറ്റപ്പെടുത്തി. യഥാസമയം ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനാൽ മെഡിക്കൽ കോളേജിന് പുറത്ത് വിദഗ്ധ ചികിത്സസാധ്യത നഷ്ട്ടപെട്ട മരിച്ച ഫിലോമിനയുടെ മാപ്രാണത്തെ വീട് സന്ദർശിച്ച് ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു കെ.കെ രമ.

കരുവന്നൂർ ബാങ്ക് വിഷയം നിയമസഭയിൽ പല വട്ടം ചർച്ച ചെയ്യുമ്പോൾ, നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കും എന്ന് പതിവ് പല്ലവിയാണ് സർക്കാർ നിന്ന് കേൾക്കാറുള്ളതെന്നും കെ.കെ രമ പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാരുടെ ആശ്രയമായ പ്രാഥമിക സഹകരണ സംഘങ്ങൾ തകർന്നു പോകുവാൻ സാധ്യതയുള്ളത് എന്നതിനാലാണ് നിക്ഷേപ തട്ടിപ്പ് ഒരു വർഷമായി രാഷ്ട്രീയമായി എടുക്കാതിരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

പ്രാഥമിക ബാങ്കുകളെ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനുള്ള അപ്പക്സ് ബാങ്കുകൾ എന്തുകൊണ്ട് അത് ചെയുന്നില്ലെന്നത് ഒരു ചോദ്യമായി നിലനിൽക്കുന്നു . കുറ്റക്കാരായവരെ സംരക്ഷിക്കുന്ന നയം സി.പി.എം തുടരുന്നു, ഒരുവർഷവുമായി കൊടുക്കാമെന്ന് പറയുന്ന പണം എന്തുകൊണ്ട് ഇതുവരെ കൊടുക്കുന്നില്ല.

താനും സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്നു എന്നും കെ.കെ രമ പറഞ്ഞു. ഭരണസമിതികൾ അറിയാതെ ബാങ്കിൽ ഒന്നും നടക്കില്ലെന്നു അവർ പറഞ്ഞു. അതിനാൽ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് കൊടുക്കണം.

സർക്കാർ കുറ്റവാളികളെ രക്ഷിച്ച്, വിഷയങ്ങൾ വളരെ ലാഘവത്തോടെ എടുക്കുന്നു എന്നീ പരാതികളാണ് ഇപ്പോൾ നിരന്തരം കേൾക്കുന്നത്. ഇനിയും ആത്മഹത്യകളും മരണങ്ങളും ഒഴിവാക്കുവാൻ അടിയന്തരമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നും, കുറ്റക്കാരെ ശിക്ഷിക്കണമെന്നും സംരക്ഷിക്കരുതെന്നും കെ.കെ രമ പറഞ്ഞു.

പത്തു വർഷങ്ങൾക്കു മുമ്പ് ആർ.എം.പി യുടെ സ്ഥാനാർത്ഥി കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു എന്നും അന്ന് ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് പ്രചരണം നടത്തിയിരുന്നു എന്നും കെ.കെ രമ ഓർത്തെടുത്തു.

4 ലക്ഷം രൂപ ഫിലോമിനയുടെ ചികിത്സക്കായി ബാങ്ക് തിരികെ നൽകിയെന്ന മന്ത്രി ബിന്ദുവിന്റെ പരാമർശം, മന്ത്രിയെ പാർട്ടി പ്രാദേശിക നേതാക്കൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാകാം എന്ന് കെ.കെ രമ പറഞ്ഞത് ഇതിനിടയിൽ ശ്രദ്ധേയമായി.

നഗരസഭ കൗൺസിൽമാരായ റീജ സലിൽ, ബീന രവി എന്നിവരും, താര അനിൽ, അനീഷ് കുന്നംകുളം, സലിൽ, ആർ.എം.പി ജില്ലാ സെക്രട്ടറി മോൻസി, ബാലചന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Leave a comment

Top