കരുവന്നൂർ ബാങ്ക് വിഷയം മുന്നിൽ നിർത്തി വർണ്ണക്കുടക്ക് തടയിടാൻ കോൺഗ്രസ്, പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചന

ഇരിങ്ങാലക്കുട : ഓണക്കാലത്ത് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം ലഭിക്കാതെ വലയുമ്പോൾ, അതിന് പരിഹാരം ഉണ്ടാക്കാതെ എം.എൽ.യും മന്ത്രിയുമായ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ‘വർണ്ണകുടയുടെ’ പേരിൽ ആഘോഷങ്ങൾ നടത്തുന്നതിനോട് വിയോജിപ്പുണ്ടെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ.

മന്ത്രി ഡോ. ആർ ബിന്ദുവിന്‍റെ നേതൃത്വത്തിൽ ഓണത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നടത്തുന്ന കലാസാംസ്കാരിക പരിപാടിയായ വർണ്ണകുടയിൽ സഹകരിക്കേണ്ട എന്ന നിലപാട് കോൺഗ്രസ് എടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട ഒരു യോഗം അടുത്ത ദിവസം ചേരുന്നുണ്ടെന്നും അതിനുശേഷം തീരുമാനങ്ങൾ പറയാമെന്നും എം പി ജാക്സൺ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ 2022 ന്‍റെ വിശദാംശങ്ങൾ വിവരിക്കാൻ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ ബാങ്ക് വിഷയത്തിൽ മന്ത്രി ബിന്ദു എടുത്ത നിലപാടിനോട് വലിയതോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. രാഷ്ട്രീയമായി കോൺഗ്രസ് അത് സംസ്ഥാനതലത്തിൽ പോലും മുതലാക്കുകയും ചെയ്തു. ഫിലോമിനയുടെ മരണത്തോടെ കരുവന്നൂർ ബാങ്ക് വിഷയം വീണ്ടും പൊതുജനമധ്യത്തിൽ ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

തനിമക്ക് ബദലായി എന്ന് തോന്നിക്കുന്ന രീതിയിൽ വരാൻ സാധ്യതയുള്ള ഒന്നാണ് ‘വർണ്ണക്കുട’. അതിനാൽ തന്നെ കരുവന്നൂർ ബാങ്ക് വിഷയം മുന്നിൽ നിർത്തി വർണ്ണക്കുടയ്ക്ക് തടയിടുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടെ കോൺഗ്രസിന് ഉണ്ടാവുക സ്വാഭാവികം. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാക്കുകയും ചെയ്തു.

കോൺഗ്രസ് ഉൾപ്പടെ വിവിധ രാഷ്ട്രീയ കക്ഷി പ്രവർത്തകരെ വർണ്ണകുടയുടെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ഈ പരിപാടിയുമായി സഹകരിക്കുന്നില്ലെങ്കിൽ സംഘാടകസമിതി ഉടച്ചു വാർക്കേണ്ടിവരും.

ബഹിഷ്കരണങ്ങളോട് തങ്ങൾക്ക് താല്പര്യമില്ലെന്നും, പക്ഷേ കരുവന്നൂർ ബാങ്കുമായി ഗുരുതര പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ആഘോഷങ്ങൾക്ക് പോകുന്നത് ശരിയല്ല എന്ന ചിന്തയാണ് തങ്ങൾക്കുള്ളതെന്ന് എം.പി ജാക്സൺ വ്യക്തമാക്കുന്നു. എന്തായാലും തീരുമാനം അടുത്തദിവസം പ്രഖ്യാപിക്കും എന്നറിയുന്നു.

Leave a comment

Top