ഗാർഹിക വൈദ്യുതി ഉപഭോഗം – കരുതലും, കാര്യവും എന്ന വിഷയത്തിൽ സോഷ്യൽ ക്ലബ്ബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

വെള്ളാങ്കല്ലൂര്‍ : സോഷ്യൽ ക്ലബ്ബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാർഹിക വൈദ്യുതി ഉപഭോഗം കരുതലും കാര്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കൽ സെക്ഷനിലെ അസി. എൻജിനീയർ പോളി പി.ജെ ക്ലാസ് നയിച്ചു. വൈസ് പ്രസിഡണ്ട് എം കെ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വീട്ടകങ്ങളിലെ വൈദ്യുതി ഉപഭോഗത്തെപ്പറ്റി വളരെ വിജ്ഞാനപ്രദമായ ക്ലാസ് നടന്നു. വൈദ്യുതി ഉപകരണങ്ങളുടെ നിലവാരവും കേടുപാടുകളും വൈദ്യുതി പാഴാകുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നത് എങ്ങനെയാണ് എന്നത് വിവരിച്ചു. വലിയതോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളായ ഇൻഡക്ഷൻ കുക്കർ, ഇൻകാഡഡൻ്റ് ലാമ്പുകൾ എന്നിവ ഒഴിവാക്കേണ്ടതിനെ പറ്റിയും വൈദ്യുതി ചോർച്ച മൂലം അപകടങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ഇ.എൽ.സി.ബി സംവിധാനം സ്ഥാപിക്കുന്നതിനും അതിൻറെ പ്രവർത്തനവും എൽ.ഇ.ഡി ലാമ്പിന്റെ പ്രവർത്തനം, വിവിധ തരം വയറുകളുടെ കാര്യക്ഷമത, അപകടരഹിതമായി പ്ലഗ്ഗുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥാനം, മൊബൈൽ ചാർജിങ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്നിവയെ പാട്ടി വിശദമായി സംശയനിവാരണങ്ങൾ നടത്തി.

പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം, ഷോക്ക് ഏൽക്കുന്നത് മൂലം മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന ആഘാതങ്ങൾ, വൈദ്യുതി അപകടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, ഷോക്കേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷ നടത്തേണ്ട വിധം, സംസ്ഥാനത്തെ വൈദ്യുതി വിതരണ സമ്പ്രദായം, വൈദ്യുതി ബിൽ നിർണയ താരിഫുകൾ സ്ലാബുകൾ രീതികൾ, വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട കുറ്റങ്ങളും നിയമങ്ങളും ശിക്ഷകളും, വൈദ്യുതി വിതരണ ലൈനുകളെ പരിഗണിക്കാതെയുള്ള അശാസ്ത്രീയമായ നിർമ്മിതികളും രീതികളും വലിയ അപകടങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും ഫീൽഡിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വളരെ രസകരമായി ഗൗരവത്തോടെ വിശദീകരിച്ചു.

തുടർന്ന് സദസ്സിൽ നിന്നുണ്ടായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയും നൽകി. ഏറെ പ്രയോജനപ്രദവും ദീർഘവുമായ ക്ലാസ് സോഷ്യൽ ക്ലബ് അംഗങ്ങൾക്ക് നൽകിയ പോളി.പി.ജെ ക്ക് ലൈബ്രറിയുടെ ഉപഹാരം വൈസ് പ്രസിഡണ്ട് എം. കെ. മോഹനനും സെക്രട്ടറി ഉണ്ണി മാസ്റ്ററും ചേർന്ന് നൽകി. യോഗത്തിൽ സോഷ്യൽ ക്ലബ്ബ് വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹൻകുമാർ സ്വാഗതവും ലൈബ്രേറിയൻ അപ്പു എൻ എസ് നന്ദിയും പറഞ്ഞു.

Leave a comment

Top