കരുവന്നൂർ ബാങ്ക് വിവാദ പ്രസ്താവന : മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്കുള്ള കോൺഗ്രസ്സ് പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്ന ചികിത്സക്ക് യഥാസമയം പണം കിട്ടാതെ മരണമടഞ്ഞ ഫിലോമിനക്ക് ബാങ്കിൽ നിന്ന് ആവശ്യമായ പണം നൽകിയിരുന്നു എന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി ആർ ബിന്ദുവിന്‍റെ ഇരിങ്ങാലക്കുട ഓഫീസിലേക്കുള്ള കോൺഗ്രസ്സ് പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിരുത്തരവാദിത്തപരമായ പ്രസ്താവന ഇറക്കിയ മന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കണം എന്നായിരുന്നു കോൺഗ്രസിന്‍റെ മുഖ്യ ആവശ്യം. പൂതക്കുളം മൈതാനത്തു നിന്ന് ആരംഭിച്ച മാർച്ച് ആൽതറക്കൽ പോലീസ് തടഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സോമൻ ചിറ്റേത്, എന്നിവർ സംസാരിച്ചു.

തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ പോലീസ് ജലപീരങ്കി ഉപയോഗിച്ചാണ് സമരക്കാരെ തടയാൻ ശ്രമിച്ചത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമസ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് ശങ്കർ, ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ അനീഷ് കരീം, ആളൂർ സി.ഐ സിബിൻ, സൈബർ സെൽ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണ, എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം ആൽത്തറയിലും ബസ്സ്റ്റാൻഡ് പരിസരത്തും നിലയുറപ്പിച്ചിരുന്നു.

Leave a comment

Top