ആനമല നിഴൽത്തുമ്പി – കേരളത്തിൽ നിന്നും ഒരു പുതിയ ഇനം സൂചിത്തുമ്പി

അറിവ് : പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴൽത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന പ്രോട്ടോസ്റ്റിക്ററ ആനമലൈക്ക ( Protosticta anamalaica ) എന്ന പുതിയ സ്പീഷീസിനെ പീച്ചി ഡിവിഷനിൽ 2021 നവംബർ 25 മുതൽ 28 വരെ നടന്ന ശലഭ പക്ഷി തുമ്പി പഠന സർവേയ്ക്കിടയിലാണ് കണ്ടെത്തിയത് എന്ന് പീച്ചി വന്യജീവി ഡിവിഷന്‍ വൈല്‍ഡ്‌ ലൈഫ് വാര്‍ഡന്‍ പി എം പ്രഭു അറിയിച്ചു.

വന്യജീവിസങ്കേതത്തിലെ 1000 മീറ്റർ സമുദ്രനിരപ്പിൽ നിന്നും ഉയർന്ന പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്. തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (TNHS ) തുമ്പിഗവേഷണ വിഭാഗത്തിലെ (TORG ) ഡോ: കലേഷ് സദാശിവൻ , വിനയൻ പി നായർ , ഡോ: എബ്രഹാം സാമുവൽ എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ജേർണൽ ഓഫ് ത്രേറ്റെൻഡ് ടാക്സയുടെ ജൂലൈ 26 നു പുറത്തിറങ്ങിയ പുതിയ ലക്കത്തിൽ വിശദമായ പേപ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രോട്ടോസ്റ്റിക്ററ ഇനത്തിൽപെട്ട സൂചിത്തുമ്പികൾ ഇന്ത്യയിൽ, പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും , സമുദ്രനിരപ്പിൽ നിന്നും സാമാന്യം ഉയരമുള്ള സ്ഥലങ്ങളിലെ വെളിച്ചക്കുറവുള്ള കാട്ടരുവികളിലും ഇരുൾ മൂടിയ സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്ന ഇനങ്ങളാണ്.

ഇന്ത്യയിൽ കാണപ്പെടുന്ന 15 ഇനം പ്രോട്ടോസ്റ്റിക്ററ സൂചിത്തുമ്പികളിൽ 12 സ്പീഷീസുകൾ പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്നു. ഇതിൽ 11 എണ്ണം കേരളത്തിൽ കാണാം. ഇതോടെ പശ്ചിമ ഘട്ടത്തിൽ 13 പ്രോട്ടോസ്റ്റിക്ററ സ്പീഷീസുകളും കേരളത്തിൽ 12 ഇനം പ്രോട്ടോസ്റ്റിക്ററ സൂചിത്തുമ്പികളും എന്ന നിലയിലേക്ക് കണക്കുകൾ ഉയരും.

പുതിയ ഇനം തുമ്പിയുടെ കണ്ടെത്തൽ പ്രദേശത്തു വിശദ പഠനങ്ങളുടെ ആവശ്യകത വർധിപ്പിക്കുന്നു.മാത്രമല്ല ആവാസ വ്യവസ്ഥയുടെ നേരിയ വ്യതിയാനം പോലും ഇത്തരം സ്പീഷീസുകളുടെ നിലനില്പ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു അഭിപ്രായപ്പെട്ടു.

കൂടുതൽ സംരക്ഷണ പ്രവർത്തനങ്ങൾ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അനീഷ്, വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി എന്നിവർ അഭിപ്രായപ്പെട്ടു .
2021 ഇൽ വിനയൻ നായരും കൂട്ടരും പ്രസിദ്ധീകരിച്ച തുമ്പികളുടെ കണക്കുകൾ അനുസരിച്ചു പശ്ചിമഘട്ടത്തിൽ 80 എൻഡെമിക് സ്പീഷീസുകൾ അടക്കം 207 സ്പീഷീസ് തുമ്പികളും കേരളത്തിൽ 68 എൻഡെമിക് സ്പീഷീസുകൾ അടക്കം 181 സ്പീഷീസുകളും ഉണ്ടായിരുന്നു.

പിന്നീട് നടന്ന പഠന ഗവേഷണങ്ങൾ പ്രകാരമുള്ള കണക്കുകൾ അനുസരിച്ചു നിലവിൽ പശ്ചിമ ഘട്ടത്തിൽ 82 എൻഡെമിക് സ്പീഷീസുകൾ അടക്കം 209 സ്പീഷീസ് തുമ്പികളും കേരളത്തിൽ 71 എൻഡെമിക് സ്പീഷീസുകൾ ഉൾപ്പെടെ 185 സ്പീഷീസുകളും കാണപ്പെടുന്നു .

Leave a comment

Top