കലാനിലയം ഹരിദാസിന്‍റെ പാവകൾ ഇനി ഒരു വർഷത്തോളം കൊറിയൻ ഏഷ്യൻ പപ്പറ്റ് ഫെസ്റ്റിവെലിൽ പ്രദർശനത്തിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളി പാവകഥകളി സംഘത്തിലെ പാവ നിർമാണ കലാകാരനായ കലാനിലയം ഹരിദാസിന്‍റെ പാവകൾ ഇനി ഒരു വർഷത്തോളം കൊറിയൻ ഏഷ്യൻ പപ്പറ്റ് ഫെസ്റ്റിവെലിൽ പ്രദർശനത്തിന്. കൃഷ്ണൻ, ദുര്യോധനൻ, കാട്ടാളൻ എന്നീ പാവകഥകളി കഥാപാത്രങ്ങളെയാണ് ഹരിദാസ് നിർമ്മിച്ച് അയച്ചത്.

സൗത്ത് കൊറിയ ചുൻച്ചിഓൺ പപ്പറ്റ് തിയേറ്റർ മ്യുസിയത്തിൽ ആണ് ഒരു വർഷം നീണ്ട് നിൽക്കുന്ന എക്സിബിഷൻ. യൂനിമ കൊറിയ, ചുൻച്ചിഓൺ പപ്പറ്റ് മ്യുസിയം എന്നീ സംഘടനകളാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

അമ്മന്നൂർ ഗുരുകുലത്തിലെ ചുട്ടി കലാകാരൻ കൂടിയാണ് കലാനിലയം ഹരിദാസ്. വിദേശങ്ങളിലെ പല മ്യൂസിയങ്ങൾക്കും വേണ്ടി പാവകളെ നിർമ്മിച്ചു നൽകിയിട്ടുണ്ട്. സ്വീഡനിലെ മ്യൂസിയത്തിലേക്ക് അയച്ച കുമ്മാട്ടി മുഖം ഏറെ പ്രശസ്തമാണ്.

തൃശ്ശൂർ സ്റ്റേറ്റ് മ്യൂസിയത്തിലേക്ക് പുതിയ നാല് പാവകളെ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തൃശൂർ സ്റ്റേറ്റ് മ്യൂസിയത്തിൽ കഥകളി ശിൽപ്പങ്ങളുടെ പുനർ നിർമ്മാണം, അവിടെത്തന്നെയുള്ള മരത്തിലെ ഭീമൻ ശിൽപ്പത്തിന്‍റെ പുനർനിർമ്മാണം എന്നിവ അദ്ദേഹം പൂർത്തീകരിച്ചിട്ടുണ്ട്.

Leave a comment

Top