

ഇരിങ്ങാലക്കുട : കരുവന്നൂര്‍ സഹകരണ ബാങ്ക് വിവാദങ്ങളിൽ വീണ്ടും നയം വ്യക്തമാക്കി സി.പി.ഐ. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികമാകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു. ചികിത്സ, വിവാഹം, വിദ്യഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് പണത്തിനായി നിക്ഷേപകര്‍ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകണം എന്നും സി പി ഐ ആവശ്യപ്പെട്ടു.
സി.പി.ഐ മണ്ഡലം കമ്മിറ്റി യോഗത്തിനു ശേഷം ഇറക്കിയ പത്രകുറിപ്പിലാണ് പി. മണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി എന്‍.കെ. ഉദയപ്രകാശിനെയും മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായി എം.ബി ലത്തീഫ് , കെ.സി ബിജു, എ.ജെ. ബേബി, ടി.കെ. വിക്രമന്, അനിതരാധാകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കെ. ശ്രീകുമാര്‍, ടി.കെ സുധീഷ് എന്നിവര്‍ പങ്കെടുത്തു.