
കരുവന്നൂർ : ഭാര്യയുടെ വിദഗ്ധ ചികിത്സ ആവശ്യത്തിനായി തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകന് പണം നൽകിയില്ലെന്ന് പരാതി.
തുടർന്ന് വിദഗ്ധ ചികിത്സ നടത്താൻ സാധിക്കാത്തതിനാൽ ബുധനാഴ്ച രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച മാപ്രാണം സ്വദേശി ഏറാട്ട് പറമ്പിൽ ദേവസ്യയുടെ ഭാര്യ ഫിലോമിന(70) യുടെ മൃതദേഹം കരുവന്നൂർ ബാങ്കിന്റെ മുൻപിൽ കൊണ്ടു വെച്ച് പ്രതിഷേധിച്ചു.
അമ്മയുടെ ചികിത്സക്ക് പണം കിട്ടാതിരുന്ന അവസ്ഥ ഇനി മറ്റാർക്കും സംഭവിക്കരുത് എന്ന് മകനായ ഡിനോ പ്രതികരിച്ചു. 26 ലക്ഷം രൂപ ബാങ്കിൽ ഉണ്ട് എന്ന് ദേവസ്യ പറയുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി പൈസ കിട്ടാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സ നടത്താൻ സാധിക്കാത്തതിനാൽ ആണ് മരണം എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ കോൺഗ്രസും ബിജെപിയും പങ്കുചേർന്നു.
ഉച്ചയോടെ ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് പ്രതിഷേധക്കാർ സംസ്ഥാന പാത ഉപരോധിച്ചു. ഇരിങ്ങാലക്കുട ആർ.ഡി.ഒ സംഭവസ്ഥലത്തെത്തി അടുത്ത ദിവസം തന്നെ രണ്ട് ലക്ഷം രൂപ അടിയന്തരമായി ഡെപോസിറ്റിൽ നിന്നും തിരികെ കൊടുക്കാം എന്ന് പറഞ്ഞ് ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയും മൃതദേഹം അവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തു. സംസ്കാരം വ്യാഴാഴ്ച നടക്കും. ഡിനോ മകനാണ്.