ഹൃദയപൂർവ്വം ഇരിങ്ങാലക്കുട ഡി.വൈ.എഫ്.ഐ സെക്കുലർ ഫെസ്റ്റ് സമാപന പരിപാടികൾ

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 1 മുതൽ ആരംഭിച്ച സെക്കുലർ ഫെസ്റ്റ് ക്യാപയിന് ജൂലായ് 22,23,24 തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺഹാളിൽ വച്ച് സമാപിക്കുന്നു. വിവിധങ്ങളായ കലാകായിക സാംസ്കാരിക പരിപാടികളാണ് വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെട്ടത്.

ജൂലൈ 22 വെള്ളിയാഴ്ച്ച ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേരുന്ന ഡിവൈഎഫ്ഐ തലമുറ സംഗമം സിപിഐ(എം) തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു. 23 ശനി വൈകിട്ട് 6.30ന് പ്രൊഫഷണൽ നാടക മത്സരങ്ങളിൽ നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ വിശ്വമഹാകവി വില്യം ഷേക്സ്പിയറുടെ ജീവിത മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം സൗപർണിക അവതരിപ്പിക്കുന്ന നാടകം ഇതിഹാസം ഉണ്ടായിരിക്കും.

24 ഞായർ രാവിലെ 11 മണി മുതൽ വൈകിട്ട് 5.30 വരെ അഖിലകേരള നാടൻപാട്ട് മത്സരവും, വൈകീട്ട് 6 ന് സെക്കുലർ ഫെസ്റ്റിന്റെ സമാപന സമ്മേളനവും സംഘടിപ്പിക്കുന്നു. സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരണീയം ചടങ്ങും, മേഖലാ തലങ്ങളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിക്കുന്നു.

സമാപന സമ്മേളനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി എൻ.വി വൈശാഖൻ, പ്രസിഡണ്ട് ആർ.എൽ ശ്രീലാൽ, ട്രഷറർ സെന്തിൽ കുമാർ, സിപിഐ (എം) ഏരിയ സെക്രട്ടറി വി.എ മനോജ്കുമാർ, മുൻ എം.എൽ.എ പ്രൊഫ കെ.യു അരുണൻ , അഡ്വ. കെ.ആർ വിജയ, ഉല്ലാസ് കളക്കാട്ട്, ജാസിർ ഇക്ബാൽ എന്നിവർ പങ്കെടുക്കും.

Leave a comment

Top