‘ചാന്ദ്രമനുഷ്യ’നോടൊത്ത് എച്ച്.ഡി.പി യിലെ വിദ്യാർത്ഥികൾ

എടതിരിഞ്ഞി : ചാന്ദ്രദിനത്തിൽ സ്കൂളിൽ എത്തിയ അതിഥിയെ കണ്ട് ഏറെ അത്ഭുതത്തോടെ വിദ്യാർത്ഥികൾ… എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തിൽ യു.എസ്‌. ആർമിയിലെ ലഫ്. കേണലും നാസ ബഹിരാകാശ യാത്രികയുമായ ആൻ ഷാർലറ്റ് മാക്വിലിന്റെ വേഷത്തിലാണ് ചാന്ദ്ര മനുഷ്യൻ എത്തിയത്. തുടർന്ന് വിദ്യാർത്ഥികളോട് സംവദിച്ചും അവരുടെ സംശയങ്ങൾക്കും മറുപടി നൽകിയും ആണ് ചാന്ദ്രമനുഷ്യൻ മടങ്ങിയത്.

യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സി.എസ്. സുധൻ അധ്യക്ഷനായിരുന്നു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഓ ഇൻ ചാർജ് ജസ്റ്റിൻ തോമസ് മുഖ്യാതിഥി ആയി. വെള്ളാങ്കല്ലൂർ ബി.പി.സി ഗോഡ് വിൻ റോഡ്രിഗ്സ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷാലി ദിലീപൻ, സി. എസ്.ഷാജി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ സ്വാഗതവും പ്രധാന അധ്യാപിക സി.പി. സ്മിത നന്ദിയും പറഞ്ഞു.

തുടർന്ന് വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റിന്‍റെ പ്രദർശനം, റോക്കറ്റിന്‍റെ വിവിധ ഭാഗങ്ങളുടെ വിവരണം, ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനം, വിദ്യാർത്ഥികൾ തയ്യാറാക്കിയ ശാസ്ത്ര മാഗസിന്‍റെ പ്രകാശനം, ‘ഗ്രാവിറ്റി’ എന്ന ശാസ്ത്ര സിനിമയുടെ പ്രദർശനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

Leave a comment

Top