നഗരസഭയുടേയും പൊറത്തിശ്ശേരി ആയുർവേദ ഡിസ്പെൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക മാസാചരണം

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയുടേയും പൊറത്തിശ്ശേരി ആയുർവേദ ഡിസ്പെൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക മാസാചരണം പ്രിയ ദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻ എച്ച്.എം.സി അംഗം പി.ആർ രാജന് കർക്കിടക ഔഷധക്കൂട്ട് ആദ്യകിറ്റ് കൈമാറി.

നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുടുംബശ്രീയുടെ സഹകരണത്തോടെ പൊറത്തിശ്ശേരി ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ദശപുഷ്പങ്ങൾ, പത്തില ഇവയുടെ പ്രദർശനം ഉണ്ടായിരുന്നു. പത്തിലകൊണ്ടുള്ള വിഭവങ്ങളും പ്രദർശനത്തിന് ഒരുക്കിയിരുന്നു.

വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ ചടങ്ങിൽ സ്വാഗതം പറയുകയും കർക്കിടക മാസാചരണത്തെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ സ്മിത.ടി.വി. വിഷയാവതരണവും നടത്തി.

നഗരസഭ പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, നാലാം വാർഡ് കൗൺസിലർ അൽഫോൺസ തോമസ്, കുടുംബശ്രീ സി.ഡി.എസ് 2 ചെയർപേഴ്സൺ ഷൈലജ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എച്ച്.എം.സി മെംബർ മോഹനൻ കുററാശ്ശേരി നന്ദി പറഞ്ഞു. ഇതിനെത്തുടർന്ന് ആയിരത്തോളം ഔഷധക്കിറ്റുകളുടെ വിതരണവും നടന്നു.

Leave a comment

Top