കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ കൂത്തടിയന്തിരത്തിന്‍റെ ഭാഗമായി അംഗുലിയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ വാര്‍ഷികമായി നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്‍റെ ഭാഗമായി അംഗുലിയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറി. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ചവയ്ക്കാനുളള അംഗുലീയകമോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനൂമാന്റെ പുറപ്പാടാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

രാവിലെ ക്ഷേത്രം മേല്‍ശാന്തി കൂത്തമ്പലത്തില്‍ വന്ന് രംഗപൂജചെയ്ത് മംഗളവാദ്യഗീതഘോഷത്തോടെ ഹനൂമദ് വേഷധാരിയായ ചാക്യാര്‍ രംഗത്ത് പ്രവേശിച്ചു. സമുദ്രം കടന്നകഥയും ലങ്കാപുരി വര്‍ണ്ണനയും അഭിനയിച്ച് അനുഷ്ഠാന പ്രധാനമായ ക്രിയകള്‍ ആചാരത്തിനനുസരിച്ച് നിര്‍വഹിച്ചശേഷം നമ്പ്യാരുടെ കുത്തുവിളക്കിന്‍റെയും, മാരാരുടെ ശംഖധ്വനിയോടെയും ഒപ്പം ഹനുമാന്‍ വേഷത്തില്‍ ചാക്യാര്‍ ദേവദര്‍ശനം നടത്തി അഭീഷ്ടസിദ്ധിയ്ക്കായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ദേവനെ പ്രദക്ഷിണം ചെയ്ത് കൂത്തമ്പലത്തില്‍ മടങ്ങിവന്ന് കൂത്ത് അവസാനിപ്പിച്ചു.

വരുന്ന 11 ദിവസങ്ങളിലായി ഹനൂമാന്‍ രാമായണകഥ മുദ്രാഭിനയത്തിലൂന്നി അനുഷ്ഠാനക്രിയകളിലൂടെ അവതരിപ്പിക്കും. സാധാരണ കൂത്തിനായി വേഷം കെട്ടിയശേഷം ചാക്യാര്‍ കൂത്തമ്പലത്തില്‍ നിന്നും പുറത്തിറങ്ങാറില്ല. എന്നാല്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചതിനുശേഷം ഹനുമാന്‍ വേഷത്തില്‍ തന്നെ ദേവദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറത്തിറങ്ങുന്നത് അംഗുലിയാങ്കം കൂത്ത് പുറപ്പാട് ദിവസം മാത്രമാണ്.

ഇത്തവണ കര്‍ക്കിടകമാസത്തിലെ ഉത്രട്ടാതി നാളിലാണ് അംഗുലിയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറിയത്. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ ഹനുമാനായി അരങ്ങിലെത്തി. നാരായണന്‍ നമ്പ്യാര്‍ മിഴാവിലും, ഇന്ദിര നങ്ങ്യാര്‍ താളത്തിലും മേളമൊരുക്കി.

Leave a comment

Top