ചരിത്രശേഷിപ്പുകൾ തേടി ബി.ആർ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ‘നാടറിയാൻ’ യാത്ര

മാടായിക്കോണം : കുട്ടികളിൽ സാമൂഹ്യശാസ്ത്ര തൽപരത വളർത്തുക, നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം മനസ്സിലാക്കുക, ചരിത്ര സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും സംരക്ഷിക്കേണ്ടതാണ് എന്ന ബോധ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷ കേരള വിവിധ വിദ്യാലയങ്ങൾക്ക് നൽകിയ ആർട്ട് ഗ്യാലറികളുടെ തുടർപ്രവർത്തനം എന്ന നിലയിൽ ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ മാടായിക്കോണം ശ്രീ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു.പി സ്കൂളിലെ ചരിത്ര തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികൾ നടത്തിയ ഒരു യാത്രയാണ് ‘നാടറിയാൻ’.

മാടായിക്കോണം നടുവിലാൽ ഭാഗത്തെ ‘ചുമടുതാങ്ങി’ അഥവാ ‘അത്താണി’ എന്ന ചരിത്ര ശേഷിപ്പാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. 1857 ലാണിത് പണികഴിപ്പിച്ചിട്ടുള്ളത്. നാട്ടുകാരനും പൊതുപ്രവർത്തകനുമായ കെ.ജെ ജോൺസൺ ‘ചുമടുതാങ്ങി’ അഥവാ ‘അത്താണി’ എന്ന ചരിത്രശേഷിപ്പിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദികരിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബിൻ സി.സി മുഖ്യാതിഥിയായിരുന്നു.

ഡയറ്റ് ഫാക്വൽറ്റി സനോജ് എം. ആർ, ഇരിങ്ങാലക്കുട എ.ഇ.ഒ നിഷ എം.സി, ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി, സി.ആർ.സി കോഡിനേറ്റർമാരായ അനൂപ് ടി.ആർ, രാജി പി.ആർ, സനിൽ മാനുവൽ എന്നിവർ സംസാരിച്ചു.

Leave a comment

Top