നാലമ്പല ദർശനത്തിന്‍റെ പ്രഥമ ദിനത്തിൽ ഭക്തജന തിരക്കിൽ കൂടൽമാണിക്യ ക്ഷേത്രം

ഇരിങ്ങാലക്കുട : രാമായണ മാസത്തെ പുണ്യ തീർത്ഥയാത്രയായ നാലമ്പല ദർശനത്തിന്റെ പ്രഥമ ദിനത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ രാവിലെ മുതൽ ഭക്തജന തിരക്ക് അനുഭവപെട്ടു. മൂന്നു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന നാലമ്പല തീർത്ഥയാത്രയുടെ ആരംഭത്തിൽ തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.

തൃപ്രയാർ ശ്രീരാമക്ഷേത്രം ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം പായമ്മൽ ശ്രീ ശത്രുന്ഘന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ക്രമത്തിൽ ദർശിക്കുന്നതാണ് നാലമ്പല ദർശനം.

ജൂലൈ 17 മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന നാലമ്പല ദർശനത്തിന്റെ ഭാഗമായി കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 16 ഷെഡ്യൂളുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയിൽ വരുന്ന ഭക്തജനങ്ങൾക്ക് ദേവസം കീഴടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുകയും, ഭക്തർക്ക് രാത്രിയിൽ തങ്ങി പിറ്റേന്ന് പ്രഭാതകൃത്യങ്ങൾ നടത്തി ക്ഷേത്രദർശനം നടത്തുവാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് ദേവസ്വം കൊട്ടിലാക്കൽ പറമ്പിലും മണിമാളിക കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്തും ദേവസ്വം വക കച്ചേരി പറമ്പിലും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മഴപെയ്ത് കുതിർന്നു കിടക്കുന്ന കൊട്ടിലക്കൽ പറമ്പിൽ പാർക്കിങ്ങിനായി എത്തുന്ന വലിയ വാഹനങ്ങൾ താഴ്ന്നു പോകുന്നു എന്ന് പരാതിയുണ്ട്. ഇത് പരിഹരിക്കാനായി ശ്രമങ്ങൾ ആരംഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു.

ഭക്തജനങ്ങൾക്ക് പാസ് മുഖേന തെക്കേ ഊട്ടുപുരയിൽ കഞ്ഞിയും, കിഴക്കേ നടയിൽ ചുക്കുകാപ്പി കുടിവെള്ളം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംഗമേശ്വര ആയുർവേദ ഗ്രാമത്തിന്റെ നേതൃത്വത്തിൽ പാസ് മുഖേന ഔഷധ കഞ്ഞിയും ഫസ്റ്റ് എയ്ഡ് കിറ്റും നൽകുന്നുണ്ട്. ഭക്തജനങ്ങൾക്കായി പടിഞ്ഞാറേ ഖാദി പറമ്പിലും കിഴക്കുഭാഗത്ത് കൊട്ടിലാക്കൽ പറമ്പിലും ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജൂലായ് 17 മുതൽ രാവിലെ 4 മണി മുതൽ 7.30 വരേയും അതിന് ശേഷം 8.15 മുതൽ10.30 വരേയും പിന്നീട് 11.15 മുതൽ 12 മണി വരേയും (ശനി ഞായർ മുതലായ അവധി ദിവസങ്ങളിൽ അധിക സമയവും ) വൈകുന്നേരം 5 മുതൽ ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Leave a comment

Top