പ്രതാപ് സിംഗിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം

ഇരിങ്ങാലക്കുട : പ്രസിദ്ധ സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗിനെ പ്രൗഢ സദസിനെ സാക്ഷി നിര്‍ത്തി ഇരിങ്ങാലക്കുട പൗരാവലി ആദരിച്ചു. പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്‌സ് ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

മലയാളി എക്കാലവും ഓർക്കുന്ന പാട്ടുകളിലൂടെ സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച പ്രതാപ് സിംഗ് വൈകിയാണ് എഴുതിത്തുടങ്ങിയതെങ്കിലും നർമ്മവും തത്വചിന്തയും കലര്‍ന്ന രചനകളിലൂടെ വായനക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് കഥകളും നോവലുകളും ഉള്‍പ്പടെ 14 പുസ്തകങ്ങള്‍ ഭാഷയ്ക്കു സമര്‍പ്പിച്ച് സഹൃദയരെ അത്ഭുതപെടുത്തിയിരിക്കയാണ് ഈ എണ്‍പത്താറുക്കാരൻ.

ശ്രീനാരായണ ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവർത്തകൻ എം.പി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരി ഉദ്ഘാടനം നിര്‍വഹി ച്ചു. പി.കെ ഭരതൻ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ബാലകൃഷ്ണൻ അഞ്ചത്ത്, കെ.യു സുരേഷ് കുമാര്‍, ആന്റണി കൈതാരത്ത് എന്നിവര്‍ പ്രകാശനം ചെയ്ത പുസ്തകങ്ങള്‍ പ്രൊഫ. വി കെ ലക്ഷ്മണൻ നായര്‍, ഡോ. സില്‍വിക്കുട്ടി ജോസഫ്, കാട്ടൂര്‍ രാമചന്ദ്രൻ എന്നിവര്‍ ഏറ്റുവാങ്ങി.

അധ്യാപികമാരും എഴുത്തുകാരുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ, വി.വി ശ്രീല, രാധികാ സനോജ് എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. പ്രതാപ് സിംഗ് തന്‍റെ രചനാ ലോകത്തെ കുറിച്ച് സംസാരിച്ചു. ഖാദര്‍ പട്ടേ പ്പാടം ആശംസയര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ വി.വി അനില്‍കുമാര്‍ സ്വാഗതവും റഷീദ് കാറളം നന്ദിയും രേഖപ്പെടുത്തി. പ്രമുഖ ഗായികാ ഗായകര്‍ പങ്കെടുത്ത സംഗീത പരിപാടിയോടെയാണ് ചടങ്ങ് സമാപിച്ചത്.

Leave a comment

Top