കരുവന്നൂരിലെ കൃഷി നാശം : കണ്ണീരിലണിഞ്ഞ കർഷകർക്ക് ആശ്വാസമായി മന്ത്രി എത്തി

കരുവന്നൂർ : കരുവന്നൂർ ബംഗ്ലാവ് കിഴക്കേപുഞ്ചപാടം പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കാലവർഷ മഴയിലും, ശക്തമായ കാറ്റിലുമായി നശിച്ച നേന്ത്രവാഴ കൃഷി സ്ഥലം മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കരുവന്നൂർ ബംഗ്ലാവ് പ്രദേശത്തെയും വല്ലച്ചിറ പഞ്ചായത്ത് പ്രദേശത്തുമായി നേന്ത്രവാഴ കൃഷി ചെയ്യുന്ന കർഷകരുടെ ഏകദേശം അമ്പതിനായിരത്തോളം വാഴകളാണ് മഴയിൽ വെള്ളം കയറിയും കാറ്റിലുമായി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്.

ബംഗ്ലാവ് പ്രദേശത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരള സർക്കാരിന്റെ വി.എഫ്.പി.സി.കെ വഴി ഏകദേശം 2 കോടിയുടെ വാഴക്കുലകൾ ആണ് ഓരോ വർഷവും കെ.എഫ്.പി.സി.കെ വഴിയും പൊതു ചന്തകളിലുമായി കർഷകർ തങ്ങളുടെ വാഴക്കുലകൾ വിറ്റഴിച്ചിരുന്നത്.

ഓണത്തിനുമുമ്പേ വിപണി കൈയ്യടക്കാൻ വിവിധ മാർക്കറ്റുകളിൽ വില്പനയ്ക്കായി ആദ്യം എത്തിയിരുന്നത് കരുവന്നൂരിലെ നേന്ത്രവാഴ കൃഷിക്കാരുടെ വാഴക്കുലകൾ ആയിരുന്നു. നിരവധി വർഷങ്ങളായി നേന്ത്രവാഴ കൃഷി മാത്രം ഉപജീവനമാർഗ്ഗമായി കുടുംബം പുലർത്തിയിരുന്ന കർഷകരുടെ നേന്ത്രവാഴകളാണ് ഈ വർഷത്തെ കാലാവസ്ഥ കെടുതിയിൽ വലിയ നാശനഷ്ടം സംഭവിച്ചത്.

മന്ത്രിയെ കാണാനും തങ്ങളുടെ വിഷമതകൾ പറയുന്നതിനും വേണ്ടി പ്രദേശത്തെ ഭൂരിപക്ഷം വാഴ കൃഷിക്കാരും സ്ഥലത്തെത്തിയിരുന്നു. കൃഷി സ്ഥലം സന്ദർശിച്ചുകൊണ്ട് സർക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ധനസഹായങ്ങളും കൂടാതെ കർഷകർക്കാവശ്യമായ മറ്റു ആശ്വാസ നടപടികളും കൈക്കൊള്ളുന്നതിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയും കർഷകരെ ആശ്വസിപ്പിച്ചുകൊണ്ടുമാണ് മന്ത്രി മടങ്ങിയത്.

മന്ത്രിയോടൊപ്പം സംഭവസ്ഥലത്ത് ജില്ലാ കൃഷി ഓഫീസർ സിനിയ കെ.കെ, ഇരിങ്ങാലക്കുട എ.ഡി.എ. മിനി, പൊറത്തിശ്ശേരി കൃഷി ഓഫീസർ നാൻസി, പൊറത്തിശ്ശേരി വില്ലേജ് ഓഫീസർ രമേഷ് കെ.സി, വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ, സിപിഐ (എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ മനുമോഹൻ, കേരള കർഷക സംഘം മേഖല സെക്രട്ടറി നിഷാദ് ഐ.ആർ, എൽ.ഡി.എഫ് നേതാക്കളായ പി.എസ് വിശ്വംഭരൻ, പി.ആർ രാജൻ, അനീഷ് എം.എസ്, കെഎം കൃഷ്ണകുമാർ, വി. കെ മോഹനൻ, എന്നിവർ പങ്കെടുത്തു.

നേന്ത്ര വാഴ കർഷകരായ ടി.എ പോൾ, പി.എസ് പ്രകാശൻ, വേലായുധൻ തളിയക്കാട്ടിൽ, തങ്ക ശങ്കരൻ, പി.ടി ഡേവിസ് എന്നിവർ ചേർന്ന് കൃഷിക്കാരുടെ നിവേദനം
മന്ത്രിക്ക് കൈമാറുകയും ചെയ്തു.

Leave a comment

Top